താലിബാനുമായി അൽ-ഖ്വയ്ദ ബന്ധം ശക്തമാക്കുന്നു; ജമ്മുകശ്മീരിൽ ഭീകരപ്രവർത്തനം വ്യാപിപ്പിക്കാനും പദ്ധതി

ന്യൂഡൽഹി: അൽ-ഖ്വയ്ദയുമായി ബന്ധപ്പെട്ട് നിർണായക റിപ്പോർട്ട് പുറത്ത്. അഫ്ഗാനിസ്ഥാനിലെ താലിബാനുമായി അൽ-ഖ്വയ്ദ ബന്ധം ശക്തമാക്കുന്നതായാണ് റിപ്പോർട്ടിലുള്ളത്. ജമ്മുകശ്മീർ, ബംഗ്ലാദേശ്, മ്യാൻമർ എന്നിവിടങ്ങളിലേക്ക് തങ്ങളുടെ ഭീകര പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് അൽ-ഖ്വയ്ദ പ്രാദേശിക സംഘങ്ങൾ രൂപീകരിക്കുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

അൽ-ഖ്വയ്ദ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രാദേശിക ഭീകരവാദികളുമായി ബന്ധപ്പെടുന്നുണ്ട്. യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 32-ാമത് റിപ്പോർട്ടിലാമ് ഈ വിവരങ്ങളെല്ലാം വ്യക്തമാക്കിയിരിക്കുന്നത്. അൽ-ഖ്വയ്ദയ്ക്ക് ഏകദേശം 400-ലധികം ഭീകരർ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കാനുണ്ട്.

200 ഓളം ഭീകരരാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇവർക്ക് വേണ്ടിയുള്ളത്. അൽ-ഖ്വയ്ദയുടെ ചില പ്രാദേശിക സംഘങ്ങൾ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ്-ഖൊറാസാനിൽ ചേരാനോ അവരുമായി സഹകരിച്ച് പ്രവർത്തിക്കാനോ തയ്യാറായിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്തോടെ തെഹ്രിക്-ഇ-താലിബാൻ പാകിസ്താനുമായി (ടിടിപി) എക്യുഐഎസ്(ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദ)-നെ ലയിപ്പിക്കാനും അൽ-ഖ്വയ്ദ ലക്ഷ്യമിടുന്നു.