ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മണിപ്പുർ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് തനിക്ക് കത്തെഴുതിയ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കാണ് അദ്ദേഹം മറുപടി നൽകിയത്. അമിത് ഷായ്ക്ക് മറുപടി കത്തെഴുതാൻ എളുപ്പമാണ്, പക്ഷെ അമിത് ഷായുടെ കത്തിലെ വാക്കുകളും പാർലമെന്റിൽ ഭരണകക്ഷിയുടെ പ്രവൃത്തികളും ചേർച്ചയില്ലെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളിൽ നിന്ന് ലഭിച്ച കത്ത് വസ്തുനിഷ്ഠമായ ഒന്നല്ല, കത്തിലെ വാക്കുകളും പ്രവൃത്തികളും തമ്മിൽ പ്രകടമായ വ്യത്യസങ്ങളുണ്ട്. പാർലമെന്റിൽ സർക്കാർ അസഹിഷ്ണുത കാണിക്കുകയാണ്. അവരുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രസ്താവന നടത്തണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നത്. അതിന് ശേഷം ചർച്ച നടത്താമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരേ ദിവസം, പ്രധാനമന്ത്രി മോദി ഞങ്ങളെ തീവ്രവാദ സംഘടനകളുമായി താരതമ്യപ്പെടുത്തി, പ്രതിപക്ഷ പാർട്ടികളുടെ സഹകരണം അഭ്യർത്ഥിച്ച് ആഭ്യന്തരമന്ത്രി കത്തെഴുതുകയും ചെയ്തു. സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള അകലം വർഷങ്ങളായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഭരണത്തിലും ഒരു വിടവ് കാണുന്നു. പ്രധാനമന്ത്രി മോദി ‘ഇന്ത്യ’യെ ദിശാബോധമില്ലാത്തവരെന്ന് വിളിക്കുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം വിമർശിച്ചു.
കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാക്കൾക്ക് അമിത് ഷാ കത്തെഴുതിയത്. സർക്കാരിനു ഭയമില്ലെന്നും ഒന്നും മറച്ചുവെക്കാനില്ലെന്നും ഏതു വിഷയവും ചർച്ചചെയ്യാൻ തയ്യാറാണെന്നും കത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

