ഇംഫാൽ: മണിപ്പൂരിൽ നടന്ന വംശീയ അതിക്രമങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. എൺപത് വയസ്സുള്ള വൃദ്ധയെ വീടിനുള്ളിൽ പൂട്ടിയിട്ട് തീവെച്ച് കൊലപ്പെടുത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാക്ചിങ് ജില്ലയിലെ സെറോവു ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇബെത്തോംബി എന്ന 80 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഇബെത്തോംബിയുടെ ഭർത്താവ് സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു.
വീടിനുള്ളിലായിരുന്ന വയോധികയെ അക്രമികൾ പുറത്തുനിന്ന് വാതിൽ അടച്ചുപൂട്ടി വീടിന് തീയിട്ട് കൊലപ്പെടുത്തുകയായിരുന്നു. വീടിനുമേൽ തീ ആളിപ്പടർന്നതായും ഇബെത്തോംബിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഇവരുടെ കൊച്ചുമകൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അക്രമകാരികൾ വീട് വളഞ്ഞപ്പോൾ തങ്ങളോട് ഓടി രക്ഷപ്പെടാൻ മുത്തശ്ശി പറഞ്ഞു. പ്രായത്തിന്റെ അവശത മൂലം മുത്തശ്ശിക്ക് ഓടിരക്ഷപ്പെടാൻ കഴിഞ്ഞില്ല. വീടിന് തീപ്പിടിച്ചതോടെ തിരികെയെത്തി മുത്തശ്ശിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അക്രമികളുടെ തോക്കിൽനിന്നുള്ള വെടിയേറ്റ് തനിക്ക് കൈകളിലും തുടയിലും ഗുരുതര പരിക്കേറ്റിരുന്നു. മരണത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും പ്രേംകാന്ത കൂട്ടിച്ചേർത്തു.

