കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്ത്യവിശ്രമം കൊള്ളുന്ന സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കബറിടത്തിൽ സന്ദർശനം നടത്തി കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. ശനിയാഴ്ച്ചയാണ് അദ്ദേഹം കേരളത്തിലെത്തിയത്. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പള്ളിയിൽ എത്തിയ സച്ചിൻ പൈലറ്റ് ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയം എളിമയുടേതും സുതാര്യതയുടേതും ആയിരുന്നെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ മാതൃകകൾ എക്കാലവും പ്രസക്തമാണ്. അവ പിന്തുടരാൻ എല്ലാവരും ശ്രമിക്കണം. പൊതുജീവതത്തിൽ അദ്ദേഹം പുലർത്തിയ സത്യസന്ധത മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവരും തയാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
എപ്പോഴും പുഞ്ചരിയോടെ മാത്രം കണ്ടിരുന്ന നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അനുകരണീയമാണ്. കാലത്തിനുമുൻപേ സഞ്ചരിച്ച വ്യക്തിയും ജാതിമതഭേദമന്യേ ആളുകളെ ഒരുപോലെ കണ്ട രാഷ്ട്രീയനേതാവുമാണ്. അതുകൊണ്ടാണു വിവിധ ദേശങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെ ഒഴുകിയെത്തുന്നത്. 53 കൊല്ലം ഒരേ മണ്ഡലത്തെ പ്രതിനിധീകരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശക്തിയും ബന്ധങ്ങളും മനസിലാക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

