കോവിഷീല്‍ഡ് വാക്‌സിന്റെ 50 ലക്ഷം ഡോസുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ യു കെയിലേക്ക് കയറ്റിയയയ്ക്കാന്‍ നീക്കിവെച്ചിരുന്ന കോവിഷീല്‍ഡ് വാക്‌സിന്റെ 50 ലക്ഷം ഡോസുകള്‍ ഇന്ത്യയില്‍ തന്നെ ലഭ്യമാക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യം കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് കയറ്റുമതിയ്ക്കായി നീക്കിവെച്ചിരുന്ന വാക്‌സിന്‍ ഇന്ത്യയില്‍ തന്നെ ഉപയോഗിക്കാനുള്ള തീരുമാനം. കോവിഡ് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് 3,50,000 ഡോസുകള്‍ വീതവും മറ്റു ചില സംസ്ഥാനങ്ങള്‍ക്ക് 1,00,000 ഡോസുകള്‍ വീതവും രണ്ട് സംസ്ഥാനങ്ങള്‍ക്ക് 50,000 ഡോസുകള്‍ വീതവും അനുവദിച്ചു കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ വാക്‌സിന്‍ ഡോസുകളുടെ ലേബല്‍ കോവിഷീല്‍ഡ് എന്നായിരിക്കില്ല, മറിച്ച് ‘കോവിഡ് 19 ആസ്ട്രാസെനക്ക’ എന്നായിരിക്കും.രാജ്യത്തെമ്പാടും കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് ജനുവരി 16-നാണ് ആരംഭിച്ചത്. ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലാണ് വാക്‌സിനേഷന്‍ ആരംഭിച്ചതെങ്കില്‍ ഫെബ്രുവരി 2 മുതല്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു തൊഴിലാളികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചു.