തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ മതഭീകരവാദികളോട് മൃദു സമീപനം കൈക്കൊള്ളുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. സംസ്ഥാന സർക്കാരിനെതിരെ എൻഡിഎ നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. കളമശ്ശേരിയിലെ യഹോവ കൺവെൻഷൻ സെന്ററിലെ സ്ഫോടനത്തെയും നദ്ദ പരാമാർശിച്ചു. കഴിഞ്ഞ വർഷം ജൂലായിൽ കേരളത്തിൽ വന്നപ്പോഴും ഭീകരവാദികളോടുള്ള സംസ്ഥാന സർക്കാരിന്റെ മുദുസമീപനത്തെ താൻ കുറ്റപ്പെടുത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകര സംഘടനായ ഹമാസിന്റെ നേതാക്കൾ കേരളത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിൽ ഓൺലൈനായി പങ്കെടുത്തിട്ടും സർക്കാർ കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുകയാണ്. ഭീകരവാദം പ്രവർത്തനം സംബന്ധിച്ച എല്ലാ പോലീസ് അന്വേഷണങ്ങൾക്കും കേന്ദ്രസർക്കാർ പൂർണ്ണസഹായം നൽകുമെന്നും നദ്ദ അറിയിച്ചു.
സംസ്ഥാനത്തെ ക്രമാസമാധാന തകർച്ചയെയും അഴിമതിയെയും നദ്ദ വിമർശിച്ചു. സംസ്ഥാനത്ത് എല്ലാ മേഖലകളിലും അഴിമതി കൊടികുത്തി വാഴുന്നു. മുഖ്യമന്ത്രിയുടെ മകൾ തന്നെ കരിമണൽ വ്യവസായിയിൽ നിന്നും 1.72 കോടി രൂപ നിയമവിരുദ്ധമായി വാങ്ങി. ഇതാരുടെ പണമാണെന്നും എന്തിനാണെ് വാങ്ങിയതെന്നും ജനത്തിനറിയാം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും നദ്ദ പരാമർശിച്ചു. 300 കോടി രൂപയാണ് സി.പി.എം നേതാക്കൾ വെട്ടിച്ചത്. ഇവരിൽ മുൻ മന്ത്രിമാരും എം.എൽ.എ മാരുമൊക്കെയുണ്ട്. പാവപ്പെട്ട ജനങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണ് ഇവർ അടിച്ചു മാറ്റിയത്. സർക്കാർ സഹകരണ ബാങ്ക് അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയുടെ കാര്യത്തിൽ സംസ്ഥാനത്തെ എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ടാണ്. രണ്ടുപേർക്കും വർഗീയ ശക്തികളോട് മൃദു സമീപനമാണ്. സംസ്ഥാനത്ത് അടിമുടി അഴിമതിയാണ്. ഇരുമുന്നണികളും ഇക്കാര്യത്തിൽ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അതേ സമയം ബിജെപിക്കെതിരെ ഇവർ ഒരുമിക്കുകയും ചെയ്യും. ബിജെപി വരുമ്പോൾ ദേശീയവാദികൾ ശക്തിപ്പെടുമെന്നവർക്കറിയാം. പിണറായി വിജയൻ സർക്കാർ അഴിമതിയും ദുർഭരണവും തുടരുമ്പോൾ കേരളത്തിന് വിവിധ ക്ഷേമ വികസന പ്രവർത്തനങ്ങൾ നടത്താൻ മോദി സർക്കാർ കയ്യയച്ച് സഹായിക്കുകയാണ്. ദൈവത്തിന്റെ നാടായ കേരളത്തോടും കേരളീയരോടുമുള്ള പ്രധാനമന്ത്രി മോദിയുടെ സ്നഹമാണ് ഇതിന് കാരണം. കേരളത്തിന്റെ വികസനത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് ഒരു കാഴ്ചപ്പാട് ഉണ്ടെന്നും നദ്ദ വ്യക്തമാക്കി.
ഒന്നര കോടി കേരളീയർക്ക് കേന്ദ്രപദ്ധതി പ്രകാരം ഭക്ഷ്യധാന്യം നൽകി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം സംസ്ഥാനത്ത് രണ്ട് ലക്ഷം വീടുകൾക്ക് ധനസഹായം നൽകി. ഉജ്വല യോജന പ്രകാരം പാവപ്പെടവരായ 2.43 ലക്ഷം പേർക്ക് ഗ്യാസ് കണക്ഷൻ നൽകി. ജലജീവൻ മിഷൻ പ്രകാരം 17 ലക്ഷം കണക്ഷനുകൾ നൽകി. കൊച്ചി വാട്ടർ മെട്രോയ്ക്ക് 1200 കോടി രൂപ നൽകി. കേരളത്തിന് വന്ദേഭാരത് ട്രെയിനുകൾ നൽകി. തിരുവനന്തപുരം , കോഴിക്കോട് , വർക്കല സ്റ്റേഷനുകൾ വികസിപ്പിക്കുന്നു. മറ്റ് റെയിൽ പദ്ധതികളെക്കുറിച്ചും നദ്ദ പരാമർശിച്ചു. ദേശീയ പാത വികസനത്തിന് വേണ്ടി കേന്ദ്രം കോടികൾ ചെലവഴിക്കുമ്പോൾ ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിലൊക്കെ സംസ്ഥാന സർക്കാർ തടസ്സം നിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

