മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിച്ച് റവന്യു വകുപ്പ്; വിമർശനവുമായി എം എം മണി

ഇടുക്കി: മൂന്നാറിൽ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ആരംഭിച്ച് റവന്യു വകുപ്പ്. ആനയിറങ്കൽ- ചിന്നക്കനാൽ മേഖലയിൽ സർക്കാർ ഭൂമി കയ്യേറി ഏലക്കൃഷി നടത്തിയതാണ് ഒഴിപ്പിക്കുന്നത്. അതിരാവിലെയാണ് തഹസിൽദാറുടെ നേതൃത്വത്തിൽ സംഘമെത്തി ഒഴിപ്പിക്കൽ നടപടി തുടങ്ങിയത്.

ചിന്നക്കനാലിൽ അഞ്ച് ഏക്കർ കയ്യേറ്റ ഭൂമി സംഘം ഒഴിപ്പിച്ചു. ജില്ലാ കളക്ടർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഉൾപ്പെട്ട സ്ഥലത്തെ ഏലത്തോട്ടമാണ് ഒഴിപ്പിച്ചത്. പ്രദേശത്തെ കെട്ടിടങ്ങൾ സീൽ ചെയ്തിട്ടുണ്ട്. ഒഴിപ്പിച്ച സ്ഥലത്ത് സർക്കാർ ഭൂമിയെന്ന ബോർഡും സ്ഥാപിച്ചു. റവന്യൂ വകുപ്പിന്റെ കുടിയേറ്റം ഒഴിപ്പിക്കൽ നടപടിയെ വിമർശിച്ച് എം എം മണി എംഎൽഎ രംഗത്തെത്തി.

മൂന്നാറിലേയ്ക്ക് കുടിയേറിയവരെ കയ്യേറ്റക്കാരെന്ന് വിളിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. മൂന്നാറിൽ ന്യായമായ ഭൂമി കൈവശംവച്ച് കൃഷി ചെയ്യുന്നവരെ ഒഴിപ്പിക്കരുത്. കയ്യേറ്റം ഒഴിയാൻ നോട്ടീസ് കിട്ടിയവർ അവരുടെ ഭൂമി നിയമപരമാണെങ്കിൽ കോടതിയിൽ പോകണമായിരുന്നു. ദൗത്യ സംഘം കയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുൻപ് റദ്ദാക്കിയ പട്ടയം അടക്കം കൊടുക്കാൻ തയ്യാറാകണം. അല്ലാതെയുള്ള നടപടികൾ ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.