കൊച്ചി: പാലിയേക്കര ടോൾ കമ്പനിയായ ജിഐപിഎല്ലിന്റെ (ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ്) 125.21 കോടി രൂപയുടെ നിക്ഷേപം മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റോഡ് നിർമാണത്തിന്റെ ഉപകരാർ ഏറ്റെടുത്ത കെഎംസി കമ്പനിയുടെ 1.37 കോടിയുടെ നിക്ഷേപവും ഇഡി മരവിപ്പിച്ചു.
തിങ്കളാഴ്ച ഇഡി പാലിയേക്കര ടോൾ പ്ലാസയിൽ റെയ്ഡ് നടത്തിയിരുന്നു. സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇതിന് പിന്നാലെയാണ് ഇഡിയുടെ നടപടി.
സി.ബി.ഐ നേരത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ ഇഡി കേസെടുത്തത്. റെയ്ഡിൽ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്.
ദേശീയപാതയുടെ നിർമാണം പൂർത്തിയാകും മുമ്പേ ടോൾ പിരിവ് തുടങ്ങി ദേശീയ പാത അതോറിറ്റിയെ പറ്റിച്ചുവെന്നും ടോൾ പിരിക്കുന്ന പണം കമ്പനി മ്യൂച്ചൽഫണ്ടുകളിൽ നിക്ഷേപിക്കുകയാണെന്നാണും എൻഫോഴ്സ്മെന്റ് വ്യക്തമാക്കി.
12ഓളം ബസ്ബേകൾ കൃത്യമായി പൂർത്തീകരിച്ചിട്ടില്ലെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപം ഉൾപ്പെടെ മരവിപ്പിക്കുന്ന കടുത്ത നടപടികളിലേക്ക് ഇഡി കടന്നത്.

