സപ്ലൈകോ പെട്രോൾ പമ്പിലെ ആക്രമണം: കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി മന്ത്രി

തിരുവനന്തപുരം: ഉള്ളൂർ സപ്ലൈകോ പെട്രോൾ പമ്പ് സന്ദർശിച്ച് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തിയ പമ്പാണ് മന്ത്രി സന്ദർശിച്ചത്.

ഞായറാഴ്ച്ച രാത്രിയാണ് ആക്രമണം നടന്നത്. സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ ഓഫീസിന്റെ ചില്ലുകൾ തകർക്കപ്പെടുകയും, ജീവനക്കാർക്ക് മർദ്ദനമേൽക്കുകയും ചെയ്തിരുന്നു. തലയ്ക്കു പരിക്കേറ്റ് എസ് യു റ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജീവനക്കാരൻ രാജേന്ദ്രനെയും മന്ത്രി നേരിൽ കണ്ടു. കുറ്റക്കാർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ജി ആർ അനിൽ അറിയിച്ചു.

24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പുകളിൽ സുരക്ഷ ശക്തമാക്കുന്നതിനായി പോലീസ് പെട്രോളിങ് ഏർപ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.