ബില്ലുകൾ പിടിച്ചുവെക്കുന്നു; ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെക്കുന്ന ഗവർണറുടെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുവെന്ന് മുഖ്യമന്ത്രി. എട്ടോളം ബില്ലുകളിൽ ഒപ്പിടാതെ പിടിച്ചുവെച്ച ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമർശിച്ചു കൊണ്ട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ബില്ലുകൾക്ക് അംഗീകാരം നൽകാതെ അനിശ്ചിതമായി പിടിച്ചുവെക്കുന്നത് കൊളോണിയൽ കാലത്തെ അനുസ്മരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണറുടെ ഒപ്പ് കാത്തു എട്ടു ബില്ലുകൾ കിടക്കുന്നുണ്ട്. അതിൽ മൂന്നു ബില്ലുകൾ ഒരുവർഷവും പത്തുമാസവുമായി. ഒരു വർഷത്തിൽ കൂടുതലുള്ള മറ്റ് മൂന്ന് ബില്ലുകളുമുണ്ട്. പാർലമെന്ററി ജനാധിപത്യ സംവിധാനത്തിൽ ജനാഭിലാഷം പ്രതിഫലിപ്പിക്കുന്നതാണ് നിയമസഭ. നിയമസഭ പാസാക്കുന്ന ബില്ലുകൾ നിയമമാക്കാതിരിക്കാനുള്ള കാലതാമസം ഉണ്ടാക്കുന്നത് പാർലമെന്ററി ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്ത കാര്യമാണെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

നിലവിൽ തെലങ്കാന, തമിഴ്‌നാട് എന്നിവ ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും സർക്കാരുകൾ ഇത്തരം പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. തെലങ്കാന സർക്കാർ ഈ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചിട്ടുമുണ്ടായിരുന്നു. ഇക്കാര്യത്തിൽ നിയമപരമായ മാർഗങ്ങൾ തേടാതെ മറ്റൊന്നും സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയില്ല. നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവയ്ക്കാൻ ഗവർണർക്ക് അധികാരമുണ്ടോ എന്ന വിഷയത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാന്റെ അഭിപ്രായം സർക്കാർ തേടിയിരുന്നു. ഈ വിഷയം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിക്കാനും അവിടെ കേസ് നടത്തുവാനായി മുതിർന്ന അഭിഭാഷകനായ കെ കെ വേണുഗോപാലിന്റെ സേവനം തേടാനും സർക്കാർ വിചാരിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം, സുപ്രീംകോടതിയെ സമീപിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വാഗതം ചെയ്തു.