തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക നാമവും, ലോഗോയും പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക നാമം പ്രകാശനം ചെയ്തത്. വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് തിരുവനന്തപുരം എന്ന പേരിലായിരിക്കും ഇനി ഇത് അറിയപ്പെടുക. അടുത്തമാസം നാലിന് ആദ്യ കപ്പലെത്തുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ ഹാർമണി ഹാളിൽ വെച്ചു നടക്കുന്ന പ്രൗഢമായ ചടങ്ങിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് കേരള സർക്കാർ സ്പെഷ്യൽ പർപ്പസ് കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷനൽ സീ പോർട്ട് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാശനം ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിർവ്വഹിച്ചു. കമ്പനിയുടെ സമൂഹമാധ്യമ ചാനലുകളുടെ പ്രകാശനം വ്യവസായവകുപ്പ് മന്ത്രി പി രാജീവാണ് നിർവ്വഹിച്ചത്.
കഴിഞ്ഞ കുറെ നാളുകളായി ചടുലമായ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന തുറമുഖത്തിന്റെ യശസ്സ് പുതിയ ലോഗോ വർദ്ധിപ്പിക്കുകയും ലോകശ്രദ്ധ തുറമുഖത്തേയ്ക്ക് ആകർഷിക്കാൻ സഹായിക്കുകയും ചെയ്യും. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെന്റ് പോർട്ടായ വിഴിഞ്ഞിന്റെ ബ്രേക്ക് വാട്ടറുകളുടെ നിർമാണം ഏതാണ്ട് 60 ശതമാനത്തിലധികം പൂർത്തിയായി. ആദ്യഘട്ടത്തിലെ 400 മീറ്റർ നിളം വരുന്ന ബർത്തിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്.

