കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് പുതിയ നിപ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുരുതരാവസ്ഥയിൽ തുടർന്നിരുന്ന 9 വയസുകാരന്റെ വെന്റിലേറ്റർ സപ്പോർട്ട് താത്ക്കാലികമായി മാറ്റിയതായി മന്ത്രി അറിയിച്ചു. നിലവിൽ ഓക്‌സിജൻ സപ്പോർട്ടുണ്ട്. പ്രതീക്ഷ നിർഭരമാണ് കുട്ടിയുടെ സ്ഥിതിയെന്നും മന്ത്രി വ്യക്തമാക്കി.
1233 പേരാണ് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത്. മെഡിക്കൽ കോളേജിൽ 23 പേർ അഡ്മിറ്റായി. 4 പേർ ഐഎംസിഎച്ചിൽ അഡ്മിറ്റാണ്. 36 വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിച്ചു അയച്ചു. 24മണിക്കൂറും ലാബുകൾ പ്രവർത്തിക്കുന്നുണ്ടെന്നും വീണാ ജോർജ് പറഞ്ഞു.
സംസ്ഥാനത്ത് നിപ പരിശോധനയ്ക്ക് മതിയായ സംവിധാനമായി സംസ്ഥാനത്ത് തിരുവനന്തപുരം തോന്നയ്ക്കൽ, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ വൈറോളജി ലാബുകളിൽ നിപ പരിശോധന നടത്താനും സ്ഥിരീകരിക്കാനുമുള്ള സംവിധാനമുണ്ട്. ഇതുകൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയും പൂനെ എൻഐവിയുടെയും മൊബൈൽ ലാബും കോഴിക്കോടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വളരെ വേഗത്തിൽ നിപ പരിശോധനകൾ നടത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നിപ വൈറസ് രോഗബാധ കണ്ടെത്തുന്നതിന് നടത്തുന്ന പരിശോധന അതീവ സങ്കീർണകരമാണ്. അപകടകരമായ വൈറസായതിനാൽ ഐ.സി.എം.ആറിന്റെ അംഗീകാരമുള്ള ലാബുകൾക്ക് മാത്രമേ നിപ പരിശോധന നടത്താൻ കഴിയുകയുള്ളൂ. നിപ വൈറസ് കണ്ടെത്തുന്നത് പി.സി.ആർ. അല്ലെങ്കിൽ റിയൽ ടൈം പി.സി.ആർ. ഉപയോഗിച്ചുള്ള ലബോറട്ടറി പരിശോധന നടത്തിയാണെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.

