ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങി; കെ സി വേണുഗോപാൽ

തിരുവനന്തപുരം: ഇന്ത്യ സഖ്യത്തെ പ്രശംസിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് അദ്ദേഹം വ്യക്തമാക്കി. കാസർഗോഡ് രാജ്മോഹൻ ഉണ്ണിത്താൻ എംപി നടത്തിയ ഏകദിന സത്യാഗ്രഹവും ബഹുസ്വരതാ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

കഴിഞ്ഞ ദിവസം 6 സംസ്ഥാനങ്ങളിലായി 7 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലും ഇന്ത്യ സഖ്യം നേടി. ബിജെപിയുടെ കോട്ടയായ ഉത്തർപ്രദേശിൽ വരെ ഇന്ത്യ മുന്നണിയുടെ സ്വാധീനം പ്രകടമായി. വരുന്ന പൊതുതിരഞ്ഞടുപ്പോടെ മോദിയെ ഇന്ത്യ സഖ്യം അധികാരത്തിൽ നിന്നും പുറത്താക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ സിപിഎമ്മിന് ബിജെപിയെ എതിർക്കാൻ താൽപ്പര്യമില്ല. അവർ പരസ്പരം സഹായിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളും യുഡിഎഫ് നേടുമെന്നും അതിന്റെ കാഹളമാണ് പുതുപ്പള്ളിയിൽ മുഴങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.