മുഖ്യമന്ത്രിയും സിപിഎമ്മും ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് മാപ്പ് പറയണം; വി ഡി സതീശൻ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സോളർ കേസ് പ്രതി നൽകിയ പരാതി വ്യാജമാണെന്ന സിബിഐയുടെ കണ്ടെത്തൽ കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നാല് പൊലീസ് സംഘങ്ങൾ പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞിട്ടും മതിവരാഞ്ഞ് ഉമ്മൻ ചാണ്ടിയെ വഷളാക്കണമെന്ന് കരുതിയാണ് പിണറായി വിജയൻ തട്ടിപ്പ് കേസിലെ പ്രതിയായ സ്ത്രീയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സിബിഐക്ക് വിട്ടതെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎം ഉമ്മൻ ചാണ്ടിയെ ജീവിച്ചിരിക്കുമ്പോഴും മരിച്ച ശേഷവും വേട്ടയാടി. ഏഴ് വർഷം അധികാരത്തിൽ ഇരുന്നിട്ടും കേസിൽ എന്തെങ്കിലും ഒരു തുമ്പ് കണ്ടെത്താൻ കഴിഞ്ഞോയെന്നും അദ്ദേഹം ചോദിക്കുന്നു.

മനപൂർവമായി ഒരു മനുഷ്യനെ വേട്ടയാടാനും അപകീർത്തിപ്പെടുത്താനും അപഹസിക്കാനും വേണ്ടി സിപിഎം നടത്തിയ പ്രചരണവും തെരഞ്ഞെടുപ്പിന് മുൻപ് പരാതി എഴുതി വാങ്ങി സിബിഐ അന്വേഷണത്തിന് വിട്ട പിണറായി വിജയന്റെ നാടകവും കെട്ടിപ്പൊക്കിയ വ്യാജ ആരോപണങ്ങളായിരുന്നെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. തെറ്റായ ആരോപണം ഉന്നയിച്ചതിലൂടെ പെൺമക്കൾ അടക്കമുള്ള ഉമ്മൻ ചാണ്ടിയുടെ കുടുംബം എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ട്. സിപിഎം നടത്തിയത് ജില്ലാ നേതാക്കളെ ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വേട്ടയാടിക്കൊണ്ടുള്ള പ്രചരണമാണ്.

ജനങ്ങളിൽ നിന്നും അതിനെതിരെ പ്രതികരണമുണ്ടായപ്പോൾ ഉമ്മൻ ചാണ്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരായ പ്രചാരണം ആവർത്തിക്കില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. ഇതിന് പിന്നാലെ സിപിഎം നേതാക്കളുടെ അറിവോടെ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം നടത്തി. ഇടുക്കിയിൽ നിന്നും എം എം മണിയെ രംഗത്തിറക്കി ഉമ്മൻ ചാണ്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ആക്ഷേപം പറഞ്ഞുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.