തിരുവനന്തപുരം: ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ പരാമർശങ്ങളിൽ പ്രതികരണവുമായി സിപിഎം പോളിറ്റ്ബ്യുറോ അംഗം എം.എ ബേബി. ബോർഡ് നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാർ രാഷ്ട്രീയ എതിരാളികൾക്കു നേരെ നടത്തുന്ന വേട്ടയുടെ ഭാഗമാണ് നടപടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിപ്പോർട്ടിൽ ഉണ്ടായിരുന്നത് അനാവശ്യ പരാമർശങ്ങളാണ്. വിഷയത്തിന്റെ മെറിറ്റിൽ അന്വേഷണം നടക്കട്ടെ. മാധ്യമങ്ങൾ വിഷയം അനാവശ്യമായി വലിച്ചു നീട്ടുകയാണെന്നും അദ്ദേഹം വിമർശിച്ചു.
പുതുപ്പള്ളി തെരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പുതുപ്പള്ളിയിൽ ഇടതു പക്ഷത്തിന് അനുകൂല സാഹചര്യമാണുള്ളത്. ചില മാധ്യമങ്ങൾ സഹതാപ തരംഗം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് നേരത്തേ നടത്താൻ മോദി ശ്രമിച്ചാലും എൻഡിഎയ്ക്ക് അനുകൂല സാഹചര്യമല്ല രാജ്യത്തുള്ളതെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

