കേരളത്തിൽ വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഒരേയൊരാൾ മുഖ്യമന്ത്രിയാണ്; വി ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിൽ വിലക്കയറ്റമുണ്ടെന്ന് അറിയാത്ത ഒരേയൊരാൾ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാണം വിറ്റാലും ഓണം ഉണ്ണാനാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഇരുമ്പു കൂടം കൊണ്ട് സാധാരണക്കാരന്റെ തലയ്ക്കടിച്ച സർക്കാരാണിത്. സതിയമ്മയ്ക്കെതിരെ കേസെടുത്ത മനുഷ്യത്വഹീന നടപടിയിൽ പുതുപ്പള്ളിയിൽ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

87 ലക്ഷം പേർക്ക് ഓണക്കിറ്റ് കൊടുക്കുമെന്ന് പറഞ്ഞ സർക്കാർ അതു പിന്നീട് ആറു ലക്ഷമാക്കി ചുരുക്കി. അതിൽ തന്നെ പത്തു ശതമാനം പോലും വിതരണം ചെയ്യാനായിട്ടില്ല. കെഎസ്ആർടിസിയെ പോലെ സിവിൽ സപ്ലൈസ് കോർപറേഷനെ സർക്കാർ ദയാവധത്തിന് വിട്ടുനൽകിയിരിക്കുകയാണ്. കരാറുകാർക്ക് 700 കോടിയോളം രൂപയാണ് കൊടുക്കാനുള്ളത്. സപ്ലൈകോ 750 കോടി ചോദിച്ചപ്പോൾ 70 കോടി മാത്രമാണ് നൽകിയത്. എന്നിട്ടും ഒരു നാണവുമില്ലാതെയാണ് കേരളത്തിൽ വിലക്കയറ്റമില്ലെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചതെന്ന് അദ്ദേഹം പരിഹസിച്ചു.

ദന്തഗോപുരത്തിൽ നിന്നും താഴെയിറങ്ങി വന്നാൽ മാത്രമേ സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കൂ. ഓണത്തെ സർക്കാർ സങ്കടകരമാക്കി മാറ്റി. സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകിയതിനാണ് തങ്ങൾ ഇഷ്ടം പോലെ പണം നൽകിയിട്ടുണ്ടെന്ന് ധനകാര്യമന്ത്രി പറയുന്നത്. സർക്കാർ ജീവനക്കാർക്ക് മാത്രം ആറു ഗഡു ഡിഎ കുടിശിക നൽകാനുണ്ട്. സ്‌കൂളിലെ പാചകക്കാർക്കും ആശ്വാസകിരണം പദ്ധതിയിൽപ്പെട്ടവർക്കുമൊക്കെ പണം നൽകാനുണ്ട്. കെട്ടിട നിർമാണ തൊഴിലാളികൾ, ലോട്ടറി, കയർ തുടങ്ങി എല്ലാ മേഖലകളിലും പണം നൽകാനുണ്ട്. സാധാരണക്കാരന്റെ ജീവിതം എന്താണെന്ന് അറിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സാധാരണക്കാരന്റെ സ്ഥിതി ദയനീയമാണ്. എന്തു വിറ്റാലും ഓണം ഉണ്ണാനാകാത്ത സ്ഥിതിയാണ്. നികുതിക്കൊള്ളയെയും നിരക്ക് വർധനകളെയും തുടർന്ന് നാല് മാസമായി ഒരു ശരാശരി കുടുംബത്തിന്റെ ചെലവ് 4000 മുതൽ 5000 രൂപവരെ വർധിച്ചു. ഇരുമ്പ് കൂടം കൊണ്ട് സാധാരണക്കാരന്റെ തലയ്ക്കടിച്ച സർക്കാരാണിത്. ആറു ലക്ഷം പേർക്ക് പോലും കിറ്റ് നൽകാനാകാത്ത സർക്കാരിനെ കുറിച്ച് എന്ത് പറയാനാണ്. ധനകാര്യമന്ത്രിക്ക് ഒന്നും അറിയില്ല, അല്ലെങ്കിൽ അറിയില്ലെന്ന് നടിക്കുകയാണെന്നും വി ഡി സതീശൻ വിമർശിച്ചു.