കണ്ണൂർ: കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ട്രെയിൻ ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ലോക്കോ പൈലറ്റുമാർ ഉൾപ്പെടെയുള്ളവർക്ക് ചെന്നൈയിൽ പരിശീലനം തുടങ്ങിയെന്നാണ് പുറത്തു വരുന്ന വിവരം. സാങ്കേതിക കാര്യങ്ങൾ നോക്കുന്ന മെക്കാനിക്കൽ വിഭാഗത്തിനും ചെന്നൈയിൽ പരിശീലനം തുടങ്ങിയിട്ടുണ്ട്. മംഗളൂരുവിൽ പിറ്റ്‌ലൈനും സജ്ജമാക്കി. തിരുവനന്തപുരം – മംഗളൂരു റൂട്ടിലുള്ള ചില ട്രെയിനുകളുടെ സമയം മാറ്റിയതും ഇതിന്റെ സൂചനയായാണ് കണക്കാക്കുന്നത്. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്ദി, ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് തുടങ്ങിയ വണ്ടികളുടെ സമയമാണ് പുനഃക്രമീകരിച്ചത്. ജനശതാബ്ദി രാത്രി 12.25ന് പകരം 12.50നാണ് കണ്ണൂരിലെത്തുക.
നിലവിൽ വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.20നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.20ന് കാസർകോടെത്തും. ഇതേ സമയത്ത് രണ്ടാമത്തെ വന്ദേഭാരത് മംഗളൂരുവിൽ നിന്ന് പുറപ്പെടുമെന്നാണ് വിവരം. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തി തിരിച്ച് രണ്ട് മണിയോടെ പുറപ്പെട്ടാൽ രാത്രി 11 മണിക്കുള്ളിൽ മംഗളൂരുവിലെത്തും.
മംഗളൂരുവിൽ വന്ദേഭാരതിനുവേണ്ടി വൈദ്യുതിലെൻ വലിച്ച പിറ്റ്ലൈൻ സജ്ജമായി. നിലവിൽ മംഗളൂരുവിൽ അറ്റകുറ്റപ്പണിക്ക് മൂന്ന് പിറ്റ്ലൈനുണ്ട്. ഇവയിൽ ഒന്നിലാണ് ഓവർ ഹെഡ് ലൈൻ വലിച്ചത്.

