ഓണക്കിറ്റ്; സംസ്ഥാനത്ത് എല്ലായിടത്തും വിതരണം തുടങ്ങാൻ കഴിഞ്ഞില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങാനായത് തിരുവനന്തപുരത്ത് മാത്രമാണ്. മറ്റ് ജില്ലകളിൽ നാളെ മാത്രമേ വിതരണം തുടങ്ങുകയുള്ളു. കശുവണ്ടി, പായസം മിക്സ് എന്നിവ എത്തിയിട്ടില്ലാത്തതിനാലാണ് ഓണക്കിറ്റ് വിതരണം താമസിക്കുന്നത്.

നേരത്തെ വ്യക്തമാക്കിയിരുന്നത് കിറ്റിന് അർഹരായ മഞ്ഞ കാർഡുകാർക്ക് ഇന്നുമുതൽ റേഷൻ കടകളിൽ നിന്നും കിറ്റ് കൈപ്പറ്റാമെന്നായിരുന്നു. എന്നാൽ മിൽമയിൽ നിന്നും ലഭ്യമാകുന്ന ചില ഉത്പന്നങ്ങളാണ് കിറ്റിൽ ഇല്ല. ഇത് ഇന്ന് വൈകുന്നേരത്തോടെ എത്തുമെന്നാണ് ഭക്ഷ്യവകുപ്പ് പ്രതീക്ഷിക്കുന്നത്. 6.07 ലക്ഷം കിറ്റുകളാണ് വിതരണം ചെയ്യുന്നത്. 14 ഇനങ്ങളാണ് ഇതിലുണ്ടാകും.

തേയില( ശബരി)–100 ഗ്രാം, ചെറുപയർ പരിപ്പ്–250ഗ്രാം, സേമിയ പായസം മിക്സ്(മിൽമ)–250 ഗ്രാം , നെയ്യ്( മിൽമ)–50 മില്ലി, വെളിച്ചെണ്ണ (ശബരി) –അരലിറ്റർ, സാമ്പാർപ്പൊടി( ശബരി)–100 ഗ്രാം, മുളക് പൊടി( ശബരി)–100ഗ്രാം, മഞ്ഞൾപ്പൊടി( ശബരി)–100 ഗ്രാം, മല്ലിപ്പൊടി( ശബരി)–100ഗ്രാം, ചെറുപയർ–500ഗ്രാം, തുവരപ്പരിപ്പ്–250ഗ്രാം, പൊടി ഉപ്പ്-ഒരുകിലോ, കശു വണ്ടി–50 ഗ്രാം, തുണി സഞ്ചി–1 തുടങ്ങിയ സാധനങ്ങളാണ് കിറ്റിൽ ഉണ്ടാകുക.