തിരുവനന്തപുരം: അറുപത്തിയൊമ്പതാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ ഇന്ദ്രൻസ്. പ്രതീക്ഷിക്കാതെ കിട്ടിയ പുരസ്‌കാരമാണ് ഇതെന്ന് ഇന്ദ്രൻസ് പറഞ്ഞു. ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശം നേടിയതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ട്. ഹോമിന് പ്രേക്ഷകർ എന്നേ പുരസ്‌കാരം നൽകിക്കഴിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
സിനിമ റിലീസ് ചെയ്തിട്ട് രണ്ടു വർഷമായതുകൊണ്ട് അവാർഡിന് പരിഗണിക്കുന്ന കാലമൊക്കെ കഴിഞ്ഞുപോയി എന്നാണു കരുതിയത്. ദേശീയ പുരസ്‌കാര പ്രഖ്യാപനം കഴിഞ്ഞുപോയന്നാണ് ഓർത്തിരുന്നത്. പ്രപഞ്ചത്തിൽ ഒരു സത്യമുണ്ട്. മനുഷ്യരല്ലേ അവാർഡ് കിട്ടുമ്പോൾ സന്തോഷം വരും കിട്ടാത്തപ്പോൾ വിഷമം തോന്നും. അവാർഡ് പ്രതീക്ഷിച്ചില്ലെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.
തന്നേക്കാൾ കഷ്ടപ്പെട്ടവരാണ് സിനിമയിലുള്ള മറ്റുള്ളവർ. അത് അംഗീകരിക്കാതെ പോയതിൽ അന്ന് എല്ലാവർക്കും സങ്കടം ഉണ്ടായിരുന്നു. ഒരുവർഷത്തോളം തിയേറ്റർ തുറക്കാൻ കാത്തിരുന്ന് എന്നിട്ടും തുറക്കാതെ വന്നപ്പോഴാണ് ഒടിടിയിൽ കൊടുത്തത്. പക്ഷേ അംഗീകാരം എല്ലാ പ്രേക്ഷകരിൽ നിന്നും കിട്ടിയിരുന്നു. ഇപ്പോൾ ദേശീയതലത്തിൽ അംഗീകാരം കിട്ടിയതിൽ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

