കൊച്ചി: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പുകേസിലാണ് ഇ ഡി അദ്ദേഹത്തെ ചോദ്യം ചെയ്ത് വിട്ടയച്ചത്. എൻഫോഴ്‌സ്‌മെന്റ് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആശങ്കയും ഭയപ്പാടുമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
ഇ ഡി അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നു. ഭയപ്പെടുന്ന കൂട്ടർക്കല്ലേ പ്രശ്‌നമുള്ളൂ. പൂർണമായും സത്യസന്ധമായ രാഷ്ട്രീയം നയിക്കുന്ന ആളാണ് താൻ. ചോദിച്ച ചോദ്യങ്ങൾക്കൊക്കെ സുഖകരമായ ഉത്തരം നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യൽ പൂർത്തിയായിട്ടില്ല. 30-ാം തീയതി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാണമെന്നും സുധാകരൻ അറിയിച്ചു.
വ്യാജപുരാവസ്തു തട്ടിപ്പിലെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിനായി സുധാകരനെ ഇഡി വിളിപ്പിച്ചത്. മോൻസനിൽ നിന്ന് കെ സുധാകരൻ 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടുവെന്നായിരുന്നു ദൃക്സാക്ഷികളുടെ രഹസ്യമൊഴി. തൃശ്ശൂർ സ്വദേശി അനൂപ്, മോൻസന് 25 ലക്ഷം രൂപ നൽകിയതിന് സുധാകരൻ ഇടനില നിന്നെന്ന പരാതിക്കാരനും മൊഴി നൽകിയിരുന്നു.

