സർക്കാർ വാഹനങ്ങളിൽ എൽഇഡി വിളക്കുകൾകൊണ്ടുള്ള അലങ്കാരങ്ങൾക്ക് പിഴ; ഉത്തരവ് പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: മന്ത്രിമാരുടേത് ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങളിൽ എൽഇഡി വിളക്കുകൾകൊണ്ടുള്ള അലങ്കാരങ്ങൾക്ക് ഇനി പിഴ ചുമത്തും. 5000 രൂപയാണ് പിഴ ചുമത്തുക. . അനധികൃതമായ ഓരോ ലൈറ്റിനും പ്രത്യേകം പിഴയീടാക്കാനാണ് നിലവിലെ തീരുമാനം. ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് സർക്കാർ ഉത്തരവ്. നിർമാണവേളയിലുള്ളതിൽ കൂടുതൽ വിളക്കുകൾ ഘടിപ്പിക്കുന്നത് ഇനി നിയമവിരുദ്ധമാണ്. നിയോൺ നാടകൾ, ഫ്ളാഷ് ലൈറ്റുകൾ, മൾട്ടികളർ എൽ.ഇ.ഡി. എന്നിവയുടെയെല്ലാം ഉപയോഗം നിരോധിച്ചിട്ടുണ്ട്.

മന്ത്രിമാരുടെ വാഹനങ്ങൾക്കുമുകളിൽ ബീക്കൺലൈറ്റ് ഉപയോഗിക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബമ്പർ ഗ്രില്ലിൽ എൽ.ഇ.ഡി. ഫ്ളാഷുകൾ ഉപയോഗിച്ചുതുടങ്ങിയത്. അതേസമയം, മഞ്ഞുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അധിക ഫോഗ് ലാമ്പ് ഘടിപ്പിക്കുന്നതിന് ആർടിഒമാരിൽനിന്ന് പ്രത്യേക അനുമതി ലഭിക്കും. എതിരെവരുന്ന വാഹനങ്ങളിലേക്ക് വെളിച്ചംവീഴാത്ത വിധത്തിൽ താഴ്ത്തിയാണ് ഇവ ഘടിപ്പിക്കുക. ഇതിന്റെ വിശദാംശങ്ങൾ രജിസ്‌ട്രേഷൻ രേഖകളിൽ ഉൾക്കൊള്ളിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

എൽഇഡി ഫ്‌ളാഷ് ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളുടെ ഉടമകളിൽനിന്ന് 5000 രൂപ പിഴ ഈടാക്കണം. വാഹനങ്ങളുടെ ഉടമ എന്ന നിലയിൽ സർക്കാരാവും പിഴത്തുക നൽകേണ്ടിവരിക. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള സർക്കാർ വാഹനങ്ങൾ എൽഇഡി ഫ്‌ളാഷ് ലൈറ്റ് ഘടിപ്പിച്ച് സംസ്ഥാനത്ത് എത്തിയാൽ അവയ്‌ക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.