കോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ നിർവാഹക സമിതിയംഗം ശോഭ സുരേന്ദ്രൻ. മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ ജയിലിൽ പോവേണ്ടിവരുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാവേണ്ടിവരുമെന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നുണ്ടെന്നും ശോഭ സുരേന്ദ്രൻ അറിയിച്ചു. പിണറായി സർക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകൾക്കെതിരെ കലക്ടറേറ്റിന് മുന്നിൽ ബിജെപി നടത്തിയ മഹിളാധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ.
കാര്യങ്ങൾ വിശദീകരിക്കാൻ എം.വി. ഗോവിന്ദൻ പത്രസമ്മേളനം വിളിച്ചാലും താൻ പറയാനുദ്ദേശിക്കുന്നതല്ല അദ്ദേഹം പറയുന്നത്. കാരണം, എം വി ഗോവിന്ദന്റെ കിളി പോയിരിക്കുകയാണ്. പാർട്ടി സെക്രട്ടറിയുടെ കസേരയിൽ കഴിവുള്ള അനേകം പേർ ഇരുന്നതാണ്. അതിൽനിന്ന് എം.വി.ഗോവിന്ദൻ രാജിവയ്ക്കുന്നതാണു നല്ലതെന്നും ഉള്ളിൽ വേദനയുണ്ടെങ്കിലും പിണറായി വിജയനെതിരെ ഒന്നും പറയാൻ ആർജവമില്ലാത്ത ഗോവിന്ദനാണ് മാർക്‌സിസ്റ്റു പാർട്ടിയുടെ ഇപ്പോഴത്തെ ശാപമെന്നും ശോഭാ സുരേന്ദ്രൻ അറിയിച്ചു.
അമ്മത്തൊട്ടിൽ സംവിധാനം കൊണ്ടുവന്ന ഇതേ നാട്ടിലാണ് പിണറായി വിജയൻ ഇപ്പോൾ ‘അച്ഛൻതൊട്ടിൽ’ സംവിധാനം നടപ്പിലാക്കുന്നത്. കേരളത്തിലെ വനിതകൾ തീപ്പന്തങ്ങളാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വനിതകളൊന്നും നിയമസഭയുടെ അകത്തേക്കു വരേണ്ടെന്നാണ് തീരുമാനിച്ചത്. മകൾ വീണയോട് ‘മകളേ, നിന്നെ താൻ സ്വർണത്തേരിലേറ്റാം’ എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രി. എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും പെൺകുട്ടികൾ തെരുവിൽ പൊലീസിന്റെ തല്ലുവാങ്ങുമ്പോൾ വീണയെ രാജകുമാരിയായി വളർത്തി. ആരും മകളെ തൊട്ടുകളിക്കാൻ പാടില്ല. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സ്വർണക്കടത്തിനു നേതൃത്വം നൽകുകയാണ്. സ്വപ്നയ്ക്ക് ശിക്ഷ നൽകുമ്പോൾ വീണയ്ക്ക് ശിക്ഷയില്ല. വീട്ടിലേക്കുവന്ന വിരുന്നുകാരനായ മരുമകൻ റിയാസിനു മന്ത്രിസ്ഥാനം കൊടുത്തു. എന്നാൽ കഴിവും പ്രാപ്തിയുമുള്ള മാർക്‌സിസ്റ്റു പാർട്ടിയുടെ നേതാക്കളോട് പറഞ്ഞത് തന്റെ രണ്ടാം മന്ത്രിസഭയിൽ താൻ തീരുമാനിക്കുന്നവർ മതിയെന്നാണെന്നും ശോഭ പരിഹസിച്ചു.

