കൊച്ചി: നടൻ മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് നിർദ്ദേശം നൽകി കോടതി. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ആനക്കൊമ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ അപേക്ഷ കോടതി തള്ളുകയും ചെയ്തു.
നവംബർ മൂന്നിന് മോഹൻലാൽ അടക്കമുള്ള പ്രതികൾ ഹാജരാകണമെന്നാണ് കോടതി നൽകിയ നിർദ്ദേശം. കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2011 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം തേവരയിലെ മോഹൻലാലിന്റെ വസതിയിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെയാണ് രണ്ടു ജോഡി ആനക്കൊമ്പുകൾ കണ്ടെടുത്തത്.
ചെരിഞ്ഞ നാട്ടാനകളുടെ കൊമ്പുകളാണിതെന്നാണ് കേസവസാനിപ്പിക്കാൻ കാരണമായി സർക്കാരും മോഹൻലാലും കോടതിയിൽ വ്യക്തമാക്കിയത്.

