കോട്ടയം : അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രതികരണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ്. മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച വി ഡി സതീശൻ ചുരുങ്ങിയത് മാധ്യമങ്ങളുടെ മുന്നിലെങ്കിലും പ്രതികരണം നടത്താൻ ധൈര്യം കാണിക്കണമെന്ന് പിണറായിയോട് ആവശ്യപ്പെട്ടു. പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മുഖ്യമന്ത്രിയെ സതീശൻ വെല്ലുവിളിച്ചത്.
തിരഞ്ഞെടുപ്പ് അജണ്ട സി പി എം തീരുമാനിക്കേണ്ടെന്ന് പ്രതികരിച്ച് എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്കിന്റെ പി വികസന ചർച്ചയ്ക്കുള്ള ക്ഷണം കോൺഗ്രസ് തള്ളി. വിസ്മയകരമായ വികസനം നടന്ന സ്ഥലമാണ് പുതുപ്പള്ളി. ഉമ്മൻചാണ്ടിയെ പ്രതിക്കൂട്ടിലാക്കാൻ വേണ്ടിയാണ് സി പി എം വികസന ചർച്ച നടത്തുന്നതെന്നും സതീശൻ വിമർശിച്ചു. ഞങ്ങൾക്ക് സംവാദം നടത്താൻ വേണ്ടത് മുഖ്യമന്ത്രിയെയാണ്. കോൺഗ്രസ് എന്തൊക്കെ വികസനം നടത്തിയെന്നത് ബുക്ക് ലെറ്റായി എല്ലാ വീടുകളിലും അറിയിച്ചിട്ടുണ്ട്. ഞങ്ങളുടെ തിരഞ്ഞെടുപ്പ് അജണ്ട തീരുമാനിക്കേണ്ടത് സി പി എമ്മല്ല. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ നിരവധി അഴിമതി ആരോപണം വന്നിട്ടും അദ്ദേഹം വാ തുറന്നിട്ടില്ല.
വാ തുറക്കാൻ മടിയുള്ള മുഖ്യമന്ത്രിയുടെ പാർട്ടിയാണ് കോൺഗ്രസിനെ സംവാദത്തിന് വിളിക്കുന്നത് എന്നിങ്ങനെയായിരുന്നു പ്രതിപക്ഷനേതാവിന്റെ പ്രതികരണം. മാസപ്പടിയെ പറ്റി സി പി എം സംസ്ഥാന സെക്രട്ടറിക്ക് അറിയില്ല. ഈ വിവാദത്തിൽ പേര് പരാമർശിക്കപ്പെട്ട യു ഡി എഫ് നേതാക്കൾ വരെ പ്രതികരണം നടത്തി. പ്രതികരിച്ചില്ലെങ്കിലും ഒരു പത്ര സമ്മേളനം നടത്താനുള്ള ചങ്കൂറ്റം മുഖ്യമന്ത്രി കാണിക്കണമെന്ന് വി ഡി സതീശൻ കൂട്ടി ചേർത്തു.

