കൽപ്പറ്റ: എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാൾക്കുനാൾ ശക്തിപ്പെടുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാടെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങൾ തനിക്ക് സ്നേഹം തന്ന് തന്നെ സംരക്ഷിച്ചുവെന്നും ഇന്ന് താൻ കുടുംബത്തിലേക്ക് മടങ്ങി വന്നിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട് എംപി സ്ഥാനത്ത് തിരിച്ചെത്തിയ ശേഷം ആദ്യമായി മണ്ഡലത്തിലെത്തി നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ഒരുക്കിയത്. മണിപ്പൂർ കലാപത്തെ കുറിച്ചും അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. രാഷ്ട്രീയ ജീവിതത്തിൽ മണിപ്പൂർ പോലൊരു ദുരനുഭവം താൻ നേരിട്ട് കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പല കലാപബാധിത പ്രദേശങ്ങളിലും ഞാൻ പോയിട്ടുണ്ട്. പക്ഷെ മണിപ്പൂരിൽ കണ്ട ഭീകരത ഒരിടത്തും കണ്ടിട്ടില്ല. എങ്ങും ചോരയാണ് കാണാനായത്. എല്ലായിടത്തും സ്ത്രീകൾക്ക് ബലാത്സംഗം നേരിടേണ്ടി വന്നു. പ്രധാനമന്ത്രി 2 മണിക്കൂർ 13 മിനിറ്റ് പാർലമെന്റിൽ സംസാരിച്ചു. അതിൽ 2 മിനുട്ട് മാത്രമാണ് മണിപ്പൂരിനെ കുറിച്ചു പറഞ്ഞതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
മണിപ്പൂരിൽ ഭാരത മാതാവിന്റെ ഹത്യയാണ് നടന്നത്. ആയിരക്കണക്കിന് കുടുംബങ്ങളെ ഇല്ലാതാക്കി. ആയിരക്കണക്കിന് സഹോദരിമാരെ ബലാത്സംഗം ചെയ്തു. ആയിരക്കണക്കിന് ആളുകളെ കൊന്നു. എന്നിട്ടും പ്രധാനമന്ത്രിയായ മോദി ചിരിക്കുകയാണ്. ഇന്ത്യ എന്ന ആശയത്തെ മണിപ്പൂരിൽ ബിജെപി കൊലപ്പെടുത്തി. എന്തുകൊണ്ട് അക്രമം തടയാൻ നടപടി എടുത്തില്ലെന്നും രാഹുൽ ചോദിച്ചു.

