ചോദ്യം ചെയ്യലിന് ഹാജരാകണം; കെ സുധാകരന് നോട്ടീസ് നൽകി എൻഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന് നോട്ടീസ് നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ വ്യാജപുരാവസ്തു തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് നടപടി. ഈ മാസം 18ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

സുധാകരന് പുറമെ ഐജി ജി ലക്ഷ്മണിനും മുൻ ഐജി എസ് സുരേന്ദ്രനും ഇഡി നോട്ടീസ് അയച്ചു. ലക്ഷ്മൺ തിങ്കളാഴ്ചയും സുരേന്ദ്രൻ ഓഗസ്റ്റ് 16 നുമാണ് ഹാജരാകേണ്ടത്. 2021 നവംബറിൽ ഐജി ലക്ഷ്മണിനെ സർക്കാർ സസ്‌പെൻഡ് ചെയ്തിരുന്നു. മോൻസന്റെ തട്ടിപ്പിനു കൂട്ടുനിന്നതിന്റെ പേരിലായിരുന്നു നടപടി. എന്നാൽ, അന്ന് ലക്ഷമണെ കേസിൽ പ്രതിയാക്കിയിരുന്നില്ല. ജൂൺ മാസം കെ സുധാകരനെ കേസിൽ പ്രതി ചേർത്തപ്പോഴാണ് ലക്ഷ്മൺ, സുരേന്ദ്രൻ എന്നിവരെ കൂട്ടുപ്രതികളാക്കിയത്.

അതേസമയം, കേസിൽ ഐജി ലക്ഷ്മൺ ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ചികിത്സയിലായതിനാൽ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ക്രൈംബ്രാഞ്ചിന് കത്ത് നൽകിയിട്ടുണ്ട്.