കോട്ടയം : പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പെരുന്നയിലെത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. ഭരണപക്ഷവും എൻഎസ്എസും ഗണപതി വിവാദത്തിൽ അകൽച്ച തുടരുന്നതിനിടെയാണ് ജെയിക്കിന്റെ സന്ദർശനം. മന്ത്രി വി വാസവനൊപ്പം രാവിലെ 9.30നാണ് സുകുമാരൻ നായരെ കാണാൻ ജെയ്ക് എത്തിയത്. 9 .45 വരെ തുടർന്ന ചർച്ചയിൽ എൻഎസ്എസിന്റെ പിന്തുണ വേണമെന്ന് ജെയിക്കാവശ്യപ്പെട്ടെങ്കിലും തങ്ങളുടെ നിലപാട് സമദൂരം ആണെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി അറിയിച്ചത്.
ഗണപതി വിവാദത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന് എൻഎസ്എസ് നേരത്തെ നിലപാട് കടുപ്പിച്ചിരുന്നു. എന്നാൽ സിപിഎം ഇതിന് തയ്യാറാകാതിരുന്നത് എൻഎസ്എസിനെ കൂടുതൽ അമർഷത്തിലാക്കി. സ്പീക്കറുടെ ഗണപതി പരാമർശത്തിനെതിരെ എൻഎസ്എസ്നാമ ജപ ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനെതിരെ പോലീസ് കേസെടുത്തതും എൻഎസ്എസിനെ ചൊടിപ്പിച്ചിരുന്നു.

