രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും; വയനാട്ടിൽ പൊതുപരിപാടികളിൽ പങ്കെടുക്കും

വയനാട്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ കേരളത്തിലെത്തും. എംപി സ്ഥാനം പുനസ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. നാളെ ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് രാഹുലിന്റെ ആദ്യ പരിപാടി. രാഹുൽ പങ്കെടുക്കുന്ന പൊതു സമ്മേളനത്തിൽ എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ഒമ്പത് വീടുകളുടെ താക്കോൽ കൈമാറും. ഞായറാഴ്ച്ച മാനന്തവാടിയിലാണ് രാഹുലിന്റെ പരിപാടികൾ. ഇതിന് ശേഷം എംപി കോടഞ്ചേരിയിലേക്ക് പോകും.

അതേസമയം, പുതുപ്പള്ളിയിലേക്ക് രാഹുൽ ഗാന്ധി സന്ദർശനം നടത്തുമോയെന്ന ആകാംക്ഷയിലാണ് അണികൾ. രാഹുലിനെ സ്വീകരിക്കുന്നതിനായി വയനാട്ടിൽ വലിയ ഒരുക്കങ്ങളാണ് കോൺഗ്രസ് നടത്തിയിട്ടുള്ളത്.

മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിനെ തുടർന്ന് രാഹുൽ അയോഗ്യനാക്കപ്പെട്ടതോടെ ഇടക്കാലത്തേക്ക് വയനാടിന് എംപിയില്ലാത്ത അവസ്ഥയായിരുന്നു. സുപ്രീംകോടതിയിൽ നേടിയ വിജയത്തിന് ശേഷമാണ് രാഹുൽ വയനാട്ടിലേക്ക് എത്തുന്നത്.