പിണറായിയുടെ മകളുടെ കമ്പനി സുതാര്യമാണെന്ന അഭിപ്രായവുമായി എ കെ ബാലൻ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണവിജയന്റെ കമ്പനി സുതാര്യമാണെന്ന് പ്രതികരിച്ച് എ കെ ബാലൻ. 8 ലക്ഷം രൂപ അവരുടെ അക്കൗണ്ടിലേക്ക് പോയ പണമല്ലെന്നും കമ്പനിയുടെ നടത്തിപ്പിന്റെ ചെലവാണെന്നും ബാലൻ അഭിപ്രായപ്പെട്ടു. കമ്പനി ഇനിയും സേവനങ്ങൾ നൽകുമെന്നും സേവനത്തിന് ആനുപാതികമായുള്ള വേതനം വാങ്ങുമെന്നും അദ്ദേഹം പ്രതികരിച്ചു. വിവാദത്തെ മാസപ്പടിയെന്ന് പറഞ്ഞ മാധ്യമപ്രവർത്തകനെതിരെ എ കെ ബാലൻ ആഞ്ഞടിച്ചു. ഉമ്മൻ ചാണ്ടിയാണ് മാസപ്പടി വാങ്ങിയതെന്നും ഈ ചോദ്യം അദ്ദേഹത്തിന്റെ മകനോട് പോയി ചോദിക്കൂവെന്നും അദ്ദേഹം വിമർശിച്ചു.

അടിയന്തര പ്രമേയം അവതരിപ്പിച്ചാൽ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ചുട്ടമറുപടി നൽകുമെന്ന് അറിയാവുന്നതു കൊണ്ടാണ് പ്രതിപക്ഷം അതിന് മുതിരാതിരുന്നതെന്നും അടിയന്തര പ്രമേയമല്ല മറ്റെന്തു നടപടി കൊണ്ടു വന്നാലും നേരിടാൻ സി പി എം തയ്യാറാണെന്നും എ കെ ബാലൻ വ്യക്തമാക്കി. വീണാ വിജയൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ഓരോ ദിവസവും ഓരോ വിവാദങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.