കൊച്ചി: അരിക്കൊമ്പൻ, പിടി7 എന്നീ കാട്ടാനകളെ മയക്കുവെടി വെച്ച് പിടികൂടാൻ സംസ്ഥാന സർക്കാർ ചെലവിട്ട പണത്തിന്റെ കണക്ക് പുറത്ത്. 33 ലക്ഷം രൂപയാണ് സർക്കാർ ഇതിനായി ചെലവഴിച്ചത്. 15.85 ലക്ഷം രൂപയാണ് അരിക്കൊമ്പൻ ദൗത്യത്തിന് വേണ്ടി ചെലവിട്ടത്. പിടി 7നെ പിടികൂടി ആനവളർത്തൽ കേന്ദ്രത്തിലെത്തിക്കാൻ 17.32 ലക്ഷം രൂപയും ചെലവിട്ടു. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം. കെ. ഹരിദാസിന് വനം വകുപ്പിൽനിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
87,320 രൂപ റേഡിയോ കോളർ അറ്റകുറ്റപ്പണിക്ക് വേണ്ടി ചെലവാക്കി. അരിക്കൊമ്പന് വേണ്ടി കൂട് നിർമിക്കാൻ മരങ്ങൾ മുറിച്ച വകയിൽ 1.81 ലക്ഷം രൂപയും ദ്രുതകർമ സേനക്കായി ഒരു ലക്ഷം രൂപയും ചെലവിട്ടുവെന്നും വിവരാവകാശ രേഖ ചൂണ്ടിക്കാട്ടുന്നു. യൂക്കാലിപ്റ്റ്‌സ് മരങ്ങളാണ് അരിക്കൊമ്പൻ ദൗത്യത്തിൽ ആനക്കൂട് നിർമിക്കുന്നതിന് മുറിച്ചത്. ഇതിന് 1.81 ലക്ഷം രൂപയും കൂട് നിർമിക്കാൻ 1.81 ലക്ഷം രൂപയും ചെലവായി. ചിന്നക്കനാൽ ദ്രുതകർമ സേനക്ക് അഡ്വാൻസ് ഇനത്തിൽ ഒരുലക്ഷം രൂപയും ചെലവായി. എന്നാൽ ബാക്കി തുക എന്തിനൊക്കെയാണ് ചെലവായതെന്ന വിവരം വ്യക്തമല്ല.
അതേസമയം, പിടി 7നെ പിടികൂടി ആനസംരക്ഷണകേന്ദ്രത്തിൽ എത്തിക്കാൻ നെല്ലിയാമ്പതി പോത്തുണ്ടി സെക്ഷൻ പരിധിയിലുള്ള തളിപ്പാടം യൂക്കാലിപ്റ്റ്‌സ് തോട്ടത്തിൽനിന്ന് 30 മരം മുറിച്ചാണ് ആനക്കൂട് നിർമിച്ചത്. ഇത് ധോണിയിൽ എത്തിച്ചത് വരെയുള്ള കാര്യങ്ങൾക്ക് 1.73 ലക്ഷം രൂപ ചെലവായി. ഹെവി വാഹനങ്ങളുടെ വാടക ഇനത്തിൽ മാത്രം വിവിധ ഘട്ടങ്ങളിലായി അഞ്ച് ലക്ഷം രൂപയിലധികം ചെലവു വന്നു.

