ഷംസീർ മാപ്പ് പറയുന്നത് വരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും; കെ സുരേന്ദ്രൻ

കണ്ണൂർ: ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീർ മാപ്പ് പറയുന്നത് വരെ സമാധാനപരമായ രീതിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഓഗസ്റ്റ് എട്ടിന് നിയമസഭയുടെ മുന്നിൽ യുവമോർച്ച പ്രതിഷേധം നടത്തുമെന്നും ബിജെപിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് പത്തിന് നാമജപയാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മലക്കം മറിഞ്ഞത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എന്ത് പ്രതികരിക്കും എന്നറിയണം. എം വി ഗോവിന്ദൻ സിപിഎമ്മിൽ റബ്ബർ സ്റ്റാമ്പ് ആണോയെന്ന് അദ്ദേഹം ചോദിക്കുന്നു. ഗോവിന്ദന്റെ നിലപാടിനപ്പുറം പറയാനുളള ധാർഷ്ട്യം റിയാസിന് എങ്ങനെ കിട്ടുന്നു. മരുമകൻ പറഞ്ഞതാണോ പാർട്ടി സെക്രട്ടറി പറഞ്ഞതാണോ സർക്കാരിന്റെ നിലപാടെന്ന് അദ്ദേഹം ചോദിച്ചു.

പാർട്ടിയെയും ഭരണത്തെയും നിയന്ത്രിക്കുന്നത് റിയാസാണെന്ന് തെളിഞ്ഞു. ഹൈന്ദവ വിരുദ്ധ പരാമർശം തിരുത്താനുളള ശക്തി മുഹമ്മദ് റിയാസിനുണ്ടെങ്കിൽ കാര്യങ്ങൾ വ്യക്തമാണ്. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ കേരളത്തിൽ വർഗീയ ധ്രുവീകരണം നടക്കുന്നുണ്ടെന്നും മുസ്ലീം വോട്ടുകൾ ലക്ഷ്യം വച്ചുളളതാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.