വിശ്വാസത്തെ ശാസ്ത്രബോധവുമായി കൂട്ടിക്കെട്ടരുത്; വി ഡി സതീശൻ

തൃശൂർ: മിത്ത് വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിശ്വാസത്തെ ശാസ്ത്രബോധവുമായി കൂട്ടിക്കെട്ടരുതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതഗ്രന്ഥങ്ങളിലും അവരവരുടെ ദൈവങ്ങളും പ്രവാചകരും അത്ഭുത പ്രവർത്തികൾ ചെയ്തിട്ടുണ്ട്. ഇത് ശാസ്ത്രബോധവുമായി കൂട്ടികെട്ടാൻ സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എം വി ഗോവിന്ദൻ ഡൽഹിയിൽ ചെന്നപ്പോൾ നിലപാട് തിരുത്തിയത് നല്ലകാര്യമാണ്. ഇതേ നിലപാട് സ്പീക്കറും സ്വീകരിക്കണം. ബിജെപി നേതാക്കൾക്കും കോൺഗ്രസിനും ഒരേ സ്വരമാണെന്നത് ഒരു ക്ലീഷെയാണ്. കേരളത്തിലെ സമീപകാല രാഷ്ട്രീയത്തിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധം വ്യക്തമാണ്. പരസ്പരം കൊടുക്കൽ വാങ്ങലുകളാണ് നടക്കുന്നതെന്നും നിരവധി കേസുകൾ ഇരുവരും തമ്മിൽ ഒത്തുതീർപ്പാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയാണ് ഇപ്പോഴുള്ള വിവാദം തന്നെ സംശയിച്ചാലും കുറ്റം പറയാനാവില്ല. ഇരുവരും വർഗീയ ധ്രൂവീകരണത്തിനാണ് ശ്രമിക്കുന്നത്. ഗോൾവാൾക്കറിന്റെ വിചാരധാരയെ വിമർശിച്ചതിന് തനിക്കെതിരെ കണ്ണൂർ കോടതിയിൽ ആർഎസ്എസ് കേസ് നൽകിയിട്ടുണ്ട്. സ്പീക്കറുടെ കൈവെട്ടുമെന്ന് പറഞ്ഞ ബിജെപി നേതാവിനെതിരെ പോലീസ് കേസെടുത്തോ. എന്തുകൊണ്ടാണ് എടുക്കാത്തത്. നാമജപഘോഷയാത്രക്കെതിരെ കേസുണ്ട്. കൈവെട്ടുമെന്നും മോർച്ചറിയിൽ കിടത്തുമെന്നും പറഞ്ഞതിന് കേസില്ലെന്നും അദ്ദേഹം പരിഹസിച്ചു.