സുപ്രീംകോടതി വിധിയിലൂടെ രാഹുൽ ഗാന്ധി അജയ്യനും ശക്തനുമായി മാറി; എ കെ ആന്റണി

തിരുവനന്തപുരം: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. സുപ്രീംകോടതി വിധിയിലൂടെ രാഹുൽ ഗാന്ധി അജയ്യനും ശക്തനുമായി മാറിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി വ്യക്തമാക്കി. കേന്ദ്രസർക്കാരിന് ഇനി അദ്ദേഹത്തെ തോൽപ്പിക്കാനാകിലെന്നും വയനാട്ടിൽ നിന്ന് വീണ്ടുമൊരു പടയോട്ടത്തിനുള്ള ഭാഗ്യം രാഹുൽ ഗാന്ധിക്ക് ഉണ്ടാകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

സത്യം ജയിച്ചുവെന്നും ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്ന് തുടക്കം മുതൽ തങ്ങൾ പറഞ്ഞതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരെ കോൺഗ്രസ് പോരാട്ടം തുടരും. ഭരണഘടനയിലും നിയമ വ്യവസ്ഥയിലും നിയമവാഴ്ചയിലും തങ്ങൾക്കെന്നും വിശ്വാസമുണ്ട്. ജനകോടികൾ രാഹുലിനൊപ്പമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

രാഹുൽ ഗാന്ധി എന്ന വ്യക്തിയെ അല്ല, അദ്ദേഹവും കോൺഗ്രസും മുന്നോട്ട് വയ്ക്കുന്ന ആശയത്തെയാണ് വളഞ്ഞ വഴിയിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ചത്. പരമോന്നത കോടതി അത് തടഞ്ഞു. ഇത് രാഹുലിന്റേയോ കോൺഗ്രസിന്റേയോ മാത്രം വിജയമല്ല. രാജ്യത്തിന്റേയും ജനാധിപത്യത്തിന്റേയും വിജയമാണ്. ഇന്ത്യ കാത്തിരുന്ന വിധിയാണ്. സംഘപരിവാറിനെ നഖശിഖാന്തം എതിർക്കുന്നതും മോദി – അമിത് ഷാ- കോർപറേറ്റ് അവിശുദ്ധ കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങൾ ഉയർത്തുന്നതാണ് രാഹുലിൽ ചിലർ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവായി കാണുന്നതും രാഹുലിൽ കാണുന്ന യോഗ്യതയും അതു തന്നെയെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കാൻ നരേന്ദ്രമോദി കളിച്ച നാണംകെട്ട രാഷ്ട്രീയ കളികളിൽ അന്തിമവിജയം രാഹുലിന് ഒപ്പം തന്നെയാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച സൂറത്ത് കോടതിയുടെ വിധി സ്റ്റേ ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ ചോദ്യശരങ്ങളെ ഭയക്കുന്ന മോദിക്ക് പാർലമെന്റിൽ ഇനിയും ഭയന്നിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.