പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിക്കാതിരിക്കാൻ രഞ്ജിത് ശ്രമിച്ചു; ഗുരുതര ആരോപണവുമായി വിനയൻ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. സംവിധായകൻ വിനയന്റെ വെളിപ്പെടുത്തലുകളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിരിയിരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെയാണ് വിനയന്റെ ആരോപണങ്ങൾ.

വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് പുരസ്‌കാരങ്ങൾ ലഭിക്കാതിരിക്കാൻ രഞ്ജിത് ശ്രമിച്ചു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിയരുന്നു വിനയന്റെ പ്രതികരണം. സംസ്ഥാന ഫിലിം അവാർഡു ലഭിച്ച എല്ലാവരെയും അഭിനന്ദിച്ചു കൊണ്ടും ജൂറിയുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ടും ആണ് ഇതെഴുതുന്നത് എന്ന് വ്യക്തമാക്കിയാണ് വിനയൻ ഫെയ്‌സ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്. താൻ രചനയും സംവിധാനവും നിർവ്വഹിച്ച പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ അവാർഡിനു മത്സരിച്ചെങ്കിലും അത് ഏറ്റവും നല്ല സിനിമയാണെന്ന അവകാശവാദമൊന്നും തനിക്കുണ്ടായിരുന്നില്ല. പക്ഷേ സിനിമാ അവാർഡു നിർണ്ണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാന് ഇടപെടാനും ജൂറി അംഗങ്ങളെ നിയന്ത്രിക്കാനും അതുവഴി തനിക്കു വിരോധമുള്ളവരുടെ ചിത്രങ്ങളെ അവാർഡിൽ നിന്നും ഒഴിവാക്കാനുമുള്ള അധികാരമുണ്ടോയെന്ന് വിനയൻ ചോദിക്കുന്നു. അങ്ങനെ ചെയ്താൽ അത് അധികാര ദുർവിനിയോഗം അല്ലേ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

അവാർഡു നിർണയത്തിൽ അക്കാദമി ചെയർമാൻ നിരന്തരം ഇടപെടുന്നുവെന്ന് മന്ത്രിയെ അറിയിക്കാനായി മന്തിയുടെ പി എസ്സിനെ തന്നെ വിളിച്ചു പറയുകയും. ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പക്ഷപാതം കാണിച്ച ആ ചെയർമാനെ അവാർഡ് പ്രഖ്യാപിക്കുന്നതുവരെയെങ്കിലും മാറ്റി നിർത്താനും നീതി നടപ്പാക്കുവാനും കഴിയാഞ്ഞത് ആരുടെ വീഴ്ച്ചയാണ്? അതോ സാംസ്‌കാരിക വകുപ്പ് അറിഞ്ഞുകൊണ്ടാണോ ചെയർമാൻ രഞ്ജിത് ഈ കളി കളിച്ചത്. വളരെ പക്വതയും സിനിമാ മേഖലയിൽ ആധികാരികതയുമുള്ള ജൂറി അംഗത്തോട് പത്തൊമ്പതാം നൂറ്റാണ്ട് ചവറുപടമാണെന്നാണ് രഞ്ജിത് പറഞ്ഞു. രഞ്ജിത്തിന് ആ ചിത്രം ചവറുപടം ആയിരിക്കാം, പക്ഷേ സെലക്ട് ചെയ്യരുതെന്നു പറയാൻ നിങ്ങൾ ജൂറി അംഗമല്ലെന്നും വിനയൻ പറയുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആർട്ട് ഡയറക്ഷൻ മോശമാണെന്ന് കാണിക്കാൻ ജൂറി അംഗമായ നടി ഗൗതമിയേ വിട്ട് അഭ്യാസം നടത്തി. പത്തൊമ്പതാം നൂറ്റാണ്ടിൽ സെറ്റിട്ടതു ശരിയല്ല, കാർഡ് ബോർഡ് തെളിഞ്ഞു കാണുന്നുണ്ട് എന്നൊക്കെയാണ് ഗൗതമി പറഞ്ഞതത്രേ. നടി ഗൗതമി പത്തൊമ്പതാം നൂറ്റാണ്ട് തന്നെയാണോ കണ്ടതെന്ന് അവരോടു തന്നെ ചോദിക്കണം. മാത്രമല്ല രഞ്ജിത്തിന്റെ മെഗാഫോണായി നിന്നുകൊണ്ട് ജൂറി അംഗങ്ങളായ മധുസൂദനനും ഹരിയുമൊക്കെ രഞ്ജിത്തിന്റെ ആഗ്രഹം നടപ്പാക്കാൻ വേണ്ടി വാദിക്കുന്നതു കണ്ടപ്പോളാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്‌ക്കെതിരെ ശരിക്കും കൂട്ടായ ഗൂഢാലോചന നടക്കുന്നതായി തനിക്ക് വ്യക്തമായതെന്ന് തികച്ചും വികാരാധീനനായിട്ടാണ് ആ മുതിർന്ന ജൂറി അംഗം പറഞ്ഞതെന്നും വിനയൻ അറിയിച്ചു.

മിസ്റ്റർ രഞ്ജിത്തല്ലാതെ മറ്റൊരാളും ഈ കേരളത്തിൽ ഇന്നേവരെ സംസ്ഥാന ചലച്ചിത്ര അവാർഡിനെ ഇത്ര തരംതാണ അവസ്ഥയിൽ എത്തിച്ചിട്ടില്ല. അക്കാദമിയിലോ ജൂറിയിലോ ഒന്നും അംഗമല്ലാത്ത ഒരാൾക്ക് ഇത്ര കൃത്യമായി തിരക്കഥ പോലെ കാര്യങ്ങൾഎങ്ങനെ പറയാൻ കഴിയുന്നു എന്ന് രഞ്ജിത്തിന് അതിശയം തോന്നാം. അതാ രഞ്ജിത്തേ കാവ്യനീതി എന്നൊക്കെ പറയുന്നത്. നേരിനെ മറയ്ക്കുന്ന ഇരുമ്പുമറകൾ മാറ്റാൻ ആരെങ്കിലും ഉയിർത്തെഴുന്നേൽക്കും. നിങ്ങൾക്കിതു സത്യമല്ലെന്നു പറയാൻ കഴിയുമോ? അങ്ങനെയെങ്കിൽ പറയൂ. അതുതന്റെ ക്രെഡിബിലിറ്റിയുടെ കൂടി പ്രശ്‌നമാണല്ലോ. കൃത്യമായ തെളിവ് കേരള ജനത മുഴുവൻ അറിയുന്ന രീതിയിൽ താൻ കൊടുക്കാം. മറ്റുചിലരുകൂടി അപ്പോൾ ഉത്തരം പറയേണ്ടി വരും. എന്തിനാണു സുഹൃത്തേ രഞ്ജിത്തേ നിങ്ങളിത്ര തരം താണ തരികിടകൾക്കു പോകുന്നതെന്നും വിനയൻ ചോദിച്ചു.