തിരുവനന്തപുരം: ആലുവയിൽ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുഞ്ഞുങ്ങൾക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥയാണെന്നും പോലീസിന്റേത് കുറ്റകരമായ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയെ കണ്ടെത്താൻ പൊലീസ് കാര്യമായി പരിശോധന നടത്തിയില്ല. മുഖ്യമന്ത്രി വരുമ്പോൾ ആയിരംപേരെ ഇറക്കുന്ന പൊലീസ് ആ കുഞ്ഞിന് വേണ്ടി എത്ര പേരെ ഇറക്കിയെന്നും അദ്ദേഹം ചോദിച്ചു. മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികമായ വിവരം വെച്ച് പൊലീസ് പറയുന്നത്. മയക്കുമരുന്നും മദ്യവും നിയന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ല. പൊലീസിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതുകൊണ്ട് അവർക്ക് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ല. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ പൊലീസ് ജാഗ്രത പാലിക്കുന്നില്ലെന്നും വി സി സതീശൻ വിമർശിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ജിഷ കൊലപാതകത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ സർക്കാരാണ് നാട് ഭരിക്കുന്നത്. ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം പോലെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു വരികയാണ്. ഇതിൽ നടപടിയെടുക്കാൻ പൊലീസിന് സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

