വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നൽകും; തീരുമാനവുമായി ആരോഗ്യ സർവകലാശാല

തൃശൂർ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എം.ബി.ബി.എസ് നൽകാൻ തീരുമാനം. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. വൈസ് ചാൻസലറുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.

മേയ് 10നാണ് വന്ദന കൊല്ലപ്പെട്ടത്. പൊലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയാണ് വന്ദനയെ ആക്രമിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് വന്ദനയ്ക്ക് നേരെ ആക്രമണം നടന്നത്. 11 തവണയാണ് പ്രതി വന്ദനയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ വന്ദനയെ ഉടൻ തന്നെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

സ്‌കൂൾ അദ്ധ്യാപകനായ സന്ദീപാണ് വന്ദനയെ കത്രിക കൊണ്ട് കുത്തിയത്.
ആക്രമണത്തിൽ വന്ദനദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റിരുന്നു.