ബേപ്പൂർ തുറമുഖത്തിനു ഐഎസ്പിഎസ് സർട്ടിഫിക്കേഷൻ

ബേപ്പൂർ: ബേപ്പൂർ തുറമുഖത്തിനു ഐഎസ്പിഎസ്(ഇന്റർനാഷനൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി) സർട്ടിഫിക്കേഷൻ ലഭിച്ചു. വിദേശ കപ്പലുകൾ അടുപ്പിക്കുന്നതിനും ഇമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കുന്നതിനുംമായാണ് ഐഎസ്പിഎസ് ലഭിച്ചത്. ഐഎസ്പിഎസ് കോഡ് ലഭ്യമായതോടെ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്.

ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലെ മർക്കന്റൈൽ മറൈൻ ഡിപ്പാർട്‌മെന്റിൽ നിന്ന്(എംഎംഡി) നോട്ടിക്കൽ സർവേയർ ക്യാപ്റ്റൻ ജി.പി.ഷേണായി, എൻജിനീയർ ആൻഡ് ഷിപ് സർവേയർ ഉബൈദു റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഓഡിറ്റ് നടത്തിയാണ് സർട്ടിഫിക്കേഷൻ നൽകിയത്. 5 വർഷത്തേക്കാണു സർട്ടിഫിക്കറ്റ് ലഭിച്ചതെന്നു പോർട്ട് ഓഫിസർ ക്യാപ്റ്റൻ ഒ സെജോ ഗോർഡിയസ് വ്യക്തമാക്കി. തുടർച്ചയായി മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നുറപ്പാക്കാൻ രണ്ടര വർഷത്തിനുള്ളിൽ വീണ്ടും എംഎംഡി പരിശോധന നടത്തും.

ഐഎസ്പിഎസ് സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി എംഎംഡി നിർദേശപ്രകാരം തുറമുഖത്ത് സുരക്ഷാ സംവിധാനങ്ങൾ വിപുലപ്പെടുത്തിയിട്ടുണ്ട്. തുറമുഖ അതിർത്തിക്കു ചുറ്റുമതിലും കമ്പിവേലി ഉൾപ്പെടെ ഒരുക്കി. 2 മീറ്റർ ഉയരമുണ്ടായിരുന്ന ചുറ്റുമതിൽ 2.4 മീറ്ററാക്കി ഉയർത്തിയ ശേഷം അതിനു മുകളിലാണ് കമ്പിവേലി സ്ഥാപിച്ചത്. തുറമുഖ കവാടത്തിൽ എക്‌സ്‌റേ സ്‌കാനിങ് സംവിധാനവും മെറ്റൽ ഡിറ്റക്ടറും സ്ഥാപിച്ചിട്ടുണ്ട്. തുറമുഖത്തേക്ക് അടുക്കുന്ന കപ്പലുകളും ചെറു വെസലുകളും തിരിച്ചറിയാൻ ഓട്ടമാറ്റിക് റഡാർ സംവിധാനവും സജ്ജമാക്കി. വാർഫിലും മറ്റും ആധുനിക വാർത്താ വിനിമയ സംവിധാനം ഒരുക്കിയതിനൊപ്പം തുറമുഖത്തെ മുഖ്യ കവാടവും പാസഞ്ചർ ഗേറ്റും പുനർനിർമിക്കുകയും ചെയ്തു.