ആതിഥേയ സംസ്‌കാരം നന്മയുടെ ലക്ഷണമാണ്, നസ്രത്തിൽനിന്ന് നന്മ പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ; വിമർശനവുമായി വി എൻ വാസവൻ

കോട്ടയം: ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉണ്ടായ മുദ്രാവാക്യം വിളിയിൽ വിമർശനം ഉന്നയിച്ച് മന്ത്രി വി എൻ വാസവൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആതിഥേയ സംസ്‌കാരം നന്മയുടെ ലക്ഷണമാണെന്നും, നസ്രത്തിൽനിന്ന് നന്മ പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ ചടങ്ങിൽ വച്ചായിരുന്നു മുഖ്യമന്ത്രി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്. ”ഉമ്മൻ ചാണ്ടി സിന്ദാബാദ്, കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ആരു പറഞ്ഞു മരിച്ചെന്ന്…’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ ബഹളം വച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നുവെന്ന് അനൗൺസ് ചെയ്തതോടെയാണ് മുദ്രാവാക്യം വിളി ആരംഭിച്ചത്.

പിന്നീട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം എം ഹസൻ ഉൾപ്പെടെ ഇടപെട്ടാണ് പ്രവർത്തകരെ നിശബ്ദരാക്കിയത്. വി ടി ബൽറാം ഉൾപ്പെടെയുള്ള യുവ നേതാക്കളും വേദിയിൽ എഴുന്നേറ്റുനിന്ന് പ്രവർത്തകരോട് നിശബ്ദരാകാൻ ആവശ്യപ്പെട്ടിരുന്നു.