ഇടുക്കി: ഉമ്മൻ ചാണ്ടി അനുസ്മരണത്തിലെ മുദ്രാവാക്യം വിളിയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അനുസ്മരണ പരിപാടിയിലെ മുദ്രാവാക്യം വിളി ഒറ്റപ്പെട്ട സംഭവം ആയിട്ട് കണ്ടാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. അതിന് വലിയ ഗൗരവമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാവരും ചേർന്ന് ഉമ്മൻചാണ്ടിയെ അനുസ്മരിച്ചതാണ്. അതിൽ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം വന്നാൽ ആവശ്യമായ എല്ലാ ക്രമീകരങ്ങളും ഒരുക്കും. സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനമൊന്നുമായിട്ടില്ല. ആലപ്പുഴയിലെ വനിത അംഗത്തിന്റെ ലൈംഗിക പരാതി പരിശോധിച്ചിട്ട് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ഇ പി ജയരാജനും രംഗത്തെത്തി. ഉമ്മൻചാണ്ടിയെ ഇടതുമുന്നണി വ്യക്തിഹത്യ ചെയ്തിട്ടില്ലെന്നായിരുന്നു ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ പറഞ്ഞത്. ഉമ്മൻചാണ്ടിക്കെതിരെ ഇടത് സർക്കാർ കേസൊന്നും കൊടുത്തിട്ടില്ല. തെറ്റായ വാക്കുകൾ ഉപയോഗിക്കരുതെന്ന് നിഷ്കർഷിക്കുന്ന പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം അറിയിച്ചു.

