പ്ലസ് ടു കോഴക്കേസ്; കെ എം ഷാജിയ്ക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ എം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്. പ്ലസ് ടു കോഴക്കേസിലാണ് സുപ്രീം കോടതി കെ എം ഷാജിയ്ക്ക് നോട്ടീസ് അയച്ചത്. ആറ് ആഴ്ചയ്ക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദ്ദേശം. കെഎം ഷാജിക്കെതിരായ കോഴക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് സുപ്രീം കോടതിയുടെ നടപടി.

കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ് ടു അനുവദിക്കാൻ സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഷാജിക്കെതിരെയുള്ള തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. എംഎൽഎ ആയിരിക്കെ അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഷാജിക്കെതിരേ കേസെടുത്തിരിക്കുന്നത്.

കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഷാജിയുടെ വാദം തെറ്റാണെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ വ്യക്തമാക്കിയിട്ടുള്ളത്. കേസിലെ ഭൂരിഭാഗം സാക്ഷികളും മുസ്ലിം ലീഗ് പ്രവർത്തകരോ ഭാരവാഹികളോ ആണെന്നാണ് ഇതിനു സർക്കാർ നൽകുന്ന വിശദീകരണം.