ന്യൂഡൽഹി: തിരുപ്പതി-ബെംഗളൂരു റൂട്ടിൽ ഇലക്ട്രിക് ബസ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയാണ് ഇലക്ട്രിക് ബസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. കഴിഞ്ഞ ദിവസം തിരുപ്പതിയിൽ നടന്ന ഒരു പരിപാടിയിലാണ് ഗഡ്കരി ഇലക്ട്രിക്ക് ബസ് ഫ്‌ലാഗ് ഓഫ് ചെയ്തത്. ‘ഹരിത ഇന്ത്യയുടെ’ ഭാഗമാകാനുള്ള വിപ്ലവത്തിൽ അണിചേരാനും നിതിൻ ഗഡ്കരി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
ഹൈവേ യാത്ര സുഖകരമാക്കുന്നതിന് ഇന്ധന സംരക്ഷണത്തിനും മലിനീകരണ നിയന്ത്രണത്തിനും തടസ്സങ്ങളില്ലാതെ നടപടികൾ സ്വീകരിച്ചതിന് ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു. തിരുപ്പതി-ബെംഗളൂരു റൂട്ടിൽ ‘ഫ്രഷ് ബസ്’ എന്ന ഇലക്്ട്രിക് ബസ് സർവ്വീസാണ് ഗഡ്കരി ഫ്‌ളാഗ് ഓഫ് ചെയ്തത്. അത് ഒരു സീറ്റിന് 399 രൂപയാണ് ബസിന്റെ ടിക്കറ്റ് നിരക്ക്.
അതേസമയം, ദേശീയ പാതയോരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനുള്ള ദേശീയ പ്രചാരണത്തിനും അദ്ദേഹം തുടക്കമിട്ടു. റെനിഗുണ്ട മണ്ഡലത്തിലെ കോതപാലത്തിൽ ഒരു തൈ നട്ടാണ് അദ്ദേഹം പ്രചാരണത്തിന് തുടക്കം കുറിച്ചത്. ദേശീയപാത 71 ന്റെ റെനിഗുണ്ട-നായിഡുപേട്ട പാതയിൽ മാത്രം 1,000 മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ രാജ്യത്തുടനീളമുള്ള 300-ലധികം പ്രോജക്റ്റുകളിൽ പ്ലാന്റേഷൻ ഡ്രൈവുകൾ നടത്തുന്നുവെന്നും ഓരോ പ്രോജക്റ്റിലും കുറഞ്ഞത് 1,000 ചെടികൾ വച്ച് മൊത്തം മരങ്ങളുടെ എണ്ണം മൂന്ന് ലക്ഷം ആയി ഉയർത്തുന്നുവെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

