സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകളില്‍ അന്തിമതീരുമാനമെടുക്കാനുള്ള അവലോകനയോഗം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ ഇളവുകളില്‍ അന്തിമതീരുമാനമെടുക്കാന്‍ ചേരുന്ന അവലോകന യോഗം തിരുവനന്തപുരത്ത് തുടങ്ങി. മുഖ്യമന്ത്രി ഡല്‍ഹിയിലായതിനാല്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പെരുന്നാള്‍ പ്രമാണിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും. കടകള്‍ക്ക് വൈകുന്നേരം അടയ്‌ക്കേണ്ട സമയവും നീട്ടിനല്‍കിയേക്കും.ടി പി ആര്‍ അടിസ്ഥാനമാക്കി തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കരുതെന്നും, എത്ര കൊവിഡ് രോഗികളുണ്ട് എന്നത് കണക്കാക്കി വേണം നിയന്ത്രണങ്ങള്‍ എന്നുമാണ് വിദഗ്ദ്ധസമിതി നിര്‍ദേശിച്ചത്.

മിക്കയിടങ്ങളിലും ടെസ്റ്റുകളുടെ എണ്ണം കൂട്ടി, ടി പി ആര്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മേയ് എട്ടിനാണ് സംസ്ഥാനത്ത് രണ്ടാംഘട്ട സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പാക്കിയത്. കൊവിഡ് രണ്ടാംതരംഗത്തിലെ ലോക്ക്ഡൗണില്‍ രണ്ട് മാസത്തിനിടെ ഒരിക്കല്‍ പോലും ഇളവ് കിട്ടാത്ത നിരവധി പഞ്ചായത്തുകളുണ്ട്. നിരന്തരം മാറുന്ന മാനദണ്ഡങ്ങളിലുള്ള അതൃപ്തി ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിലൂടെയടക്കം പലരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് ഇളവുകളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അവലോകന യോഗം ചേരുന്നത്.