പച്ചക്കറി വിത്ത് പാക്കറ്റുകളും പച്ചക്കറി തൈകളും വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി പി പ്രസാദ്

തിരുവനന്തപുരം: സംസ്ഥാനത്തെ 70 ലക്ഷം കുടുംബങ്ങള്‍ക്ക് കൃഷിവകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളും ഉടന്‍ വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കര്‍ഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വനിത ഗ്രൂപ്പുകള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും കൃഷിഭവന്‍ മുഖാന്തരം സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ജൂണ്‍ പകുതിയോടെ ലഭ്യമാക്കും. കഴിഞ്ഞ അഞ്ച് വര്‍ഷവും വളരെ ജനകീയമായി നടപ്പിലാക്കപ്പെട്ട പദ്ധതിയായിരുന്നു ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതി. കാര്‍ഷികോകാല്പാദനം വര്‍ധിച്ചെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പല ഉല്‍പന്നങ്ങളും അന്തര്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിലെ താല്ക്കാലിക പ്രതിസന്ധി കണക്കിലെടുത്ത് കൃഷി വകുപ്പിന്റെ വിപണി ഇടപെടലുകള്‍ ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പല ഉല്പന്നങ്ങളുടെയും ഉല്‍പാദനം ഈ സീസണില്‍ വര്‍ധിച്ചിട്ടുണ്ട്. പൈനാപ്പിള്‍ പോലുള്ള കയറ്റുമതി ഉല്‍പന്നങ്ങള്‍ കയറ്റി അയക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രധാന ഉല്‍പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ് വഴി സംഭരിക്കാന്‍ നിര്‍ദേശം നല്കിയത്.