പൊതുരാഷ്ട്രീയ വിഷയങ്ങളില്‍ നിശബ്ദനാകില്ലെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: പൊതുരാഷ്ട്രീയ വിഷയങ്ങളില്‍ നിശബ്ദനായിരിക്കുന്ന പ്രശ്‌നമേയില്ലെന്ന് സ്പീക്കര്‍ എംബി രാജേഷ്. താന്‍ പ്രതിനിധീകരിക്കുന്ന തൃത്താല മണ്ഡലത്തിന് പുറത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെയും ഉദ്ഘാടനത്തിന് സ്പീക്കര്‍ എന്ന നിലയില്‍ പോകില്ലെന്നും സ്‌കൂളുകള്‍ പോലുള്ള എന്തെങ്കിലും ഉദ്ഘാടന പരിപാടിയാണെങ്കില്‍ ഇളവ് കൊടുക്കേണ്ടതുണ്ടോയെന്ന് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗിക്കപ്പെടുന്നുണ്ട്. അതിനെതിരായ കര്‍ശനമായ നടപടിയാവാം. എന്നാല്‍ പൊതു നിയന്ത്രണം കൊണ്ടുവരുന്നത് മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാവും. ദുരുപയോഗത്തെ എതിര്‍ക്കുകയും അതിനെതിരെ അഭിപ്രായ രൂപീകരണം ഉണ്ടാക്കിക്കൊണ്ടുവരികയാണ് വേണ്ടതെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിവെച്ച ഇന്നോവേറ്റിവായ പല നിലപാടുകളും തുടരുമെന്നും രാഷ്ട്രീയ ജാഗ്രത ചെറുപ്പക്കാര്‍ പ്രകടിപ്പിക്കുന്നുണ്ട്. നിയമസഭയിലും പരമ്പരാഗത രീതികള്‍ മാത്രം അവരെ തൃപ്തിപ്പെടുത്തണമെന്നില്ല. എങ്ങിനെ ക്രിയാത്മകമായി ഇടപെടാമെന്ന് ചെറുപ്പക്കാരായ അംഗങ്ങള്‍ ചിന്തിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെ വരെ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചത് പോലെ തന്നെ ഇനിയും ഉപയോഗിക്കും. സ്പീക്കര്‍ എന്ന നിലയിലെ ഔദ്യോഗിക കാര്യങ്ങള്‍ അറിയിക്കാന്‍ മാത്രമായിരിക്കില്ല അത്. പൊതുവായ നിലപാടുകള്‍ക്ക് രാഷ്ട്രീയ ഉള്ളടക്കം ഉണ്ട്. കക്ഷി രാഷ്ട്രീയത്തിന് പുറത്തുള്ള വിശാലമായ രാഷ്ട്രീയ വിഷയങ്ങളിലെ നിലപാട് വ്യക്തമാക്കാന്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.