കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വോട്ടുകച്ചവടം നടത്തിയെന്ന സിപിഎം ആരോപണം തെറ്റാണെന്നും വോട്ടുകള്‍ കുറഞ്ഞത് സിപിഎമ്മിനാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
സുരേന്ദ്രന്റെ വാക്കുകള്‍ –
ഈ തെരഞ്ഞെടുപ്പിലും പല മണ്ഡലങ്ങളിലും എല്‍ഡിഎഫിന് വോട്ടു കുറഞ്ഞു. 2016-നെ അപേക്ഷിച്ച് 5000-ത്തോളം വോട്ട് അധികം പോള്‍ ചെയ്തിട്ട് പാലക്കാട്ട് സിപിഎമ്മിന് 2500 വോട്ട് കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 7000 വോട്ടാണ് സിപിഎമ്മിന് കുറഞ്ഞു. ഇതൊന്നും യാദൃശ്ചികമായി സംഭവിച്ചതല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്‍ പറഞ്ഞു. വോട്ടുക്കച്ചവടം നടന്നുവെന്ന് ഇതിലൂടെ പകല്‍ പോലെ വ്യക്തമല്ലേ.
മഞ്ചേശ്വരത്ത് 11,000 വോട്ടുകള്‍ അധികമായി പോള്‍ ചെയ്തിട്ടും മൂന്ന് ശതമാനം അല്ലെങ്കില്‍ 5000 വോട്ടുകള്‍ അവിടെ കുറഞ്ഞു. 47000 വോട്ട് തദ്ദേശതെരഞ്ഞെടുപ്പിന് കിട്ടിയ സിപിഎമ്മിന് അവിടെ 40000 വോട്ടാണ് കിട്ടിയത്. നേമത്തും സിപിഎമ്മിന് വോട്ട് കുറഞ്ഞു. 59144ഉം 33960ഉം ആണ് 2016,2019 നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് നേമത്ത് കിട്ടി. കാല്‍ലക്ഷം വോട്ടാണ് പോയത്. മെഴ്‌സിക്കുട്ടിയമ്മയുടെ കുണ്ടറയില്‍ 20,000 വോട്ടാണ് ലോക്‌സഭയെ അപേക്ഷിച്ച് കുറഞ്ഞത്. വോട്ടു കച്ചവടത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ആരോപണം തെറ്റാണ് – കണക്കുകള്‍ വിശദീകരിച്ചു കൊണ്ട് സുരേന്ദ്രന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എട്ട് ശതമാനം വോട്ടുകളുടെ വര്‍ധനയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായത്. ഈ എട്ട് ശതമാനം വോട്ടുകള്‍ കഴിഞ്ഞതവണ മറിച്ചതാണോയെന്ന് പിണറായി പറയണം. 16 ലക്ഷം വോട്ടാണ് ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്‍ജിഎഫിന് കുറഞ്ഞത്. പാലക്കാട് 5000 വോട്ട് അധികം പോള്‍ ചെയ്തിട്ടും സിപിഎം വോട്ട് കുറഞ്ഞു, മഞ്ചേശ്വരത്ത് 5000 ലേറെ വോട്ട് എല്‍ഡിഎഫി ന് നഷ്ടമായി. നേമത്ത് 2016 നെ അപേക്ഷിച്ച് ലോകസഭാ തെരഞ്ഞെടുപ്പില്‍ 25000 വോട്ട് കുറഞ്ഞിരുന്നു. ഇത് വിറ്റതാണോ? ഇത്തരം ആരോപണം ഉന്നയിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ ചരിത്രം കൂടി സിപിഎം നോക്കണം. കൊടകരയില്‍ നഷ്ടപ്പെട്ടത് ബിജെപിയുടെ പണമല്ല. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കട്ടെ.

