കോഴഞ്ചേരി :കോഴഞ്ചേരി പഞ്ചായത്തിലെ വെണ്ണപ്ര ശുദ്ധജല സംഭരണിയിലെ വെള്ളം കുടിച്ച കുട്ടികൾക്ക് വയറിളക്കം.1, 4, 5 വാർഡുകളിലെ 1500–ൽ അധികം കുടുംബങ്ങൾക്ക് വെള്ളം ലഭിച്ചിരുന്നത് ഈ സംഭരണിയിൽ നിന്നാണ്.അതേസമയം കുട്ടികൾക്ക് വയറിളക്കം ബാധിച്ചതോടെയാണു സംഭരണിക്ക് അകത്തേക്ക് നാട്ടുകാരുടെയും പഞ്ചായത്തിന്റെയും നോട്ടം എത്തിയത്.ചെളിയുടെ കൂമ്പാരമായിരുന്നു അകം മുഴുവൻ. പതിറ്റാണ്ടുകളിലേറെയായി ഈ ജലസംഭരണ ശുചീകരിച്ചിട്ടെന്നു നാട്ടുകാർ പറയുന്നു.രണ്ടു ലോഡ് ചെളിയാണ് ജലസംഭരണിയിൽ നിന്ന് കോരിയെടുത്തു കളഞ്ഞത്. വർഷങ്ങളായി വൃത്തിയാക്കാതെ കിടന്നിരുന്ന ജലസംഭരണി ഇപ്പോഴെങ്കിലും ശുചീകരിച്ചതിലുള്ള ആശ്വാസത്തിലാണ് നാട്ടുകാരും പഞ്ചായത്ത് അധികൃതരും. നദിയുടെ അടിത്തട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കയറ്റുമ്പോഴും പൈപ്പുകൾ പൊട്ടുമ്പോൾ കയറുന്നവയും വെള്ളത്തിനൊപ്പം എത്തി അടിഞ്ഞു കൂടിയതാണ് ഇത്രയും വലിയതോതിൽ ചെളി ഉണ്ടാകാൻ കാരണം.
ഈ ചെളി വെള്ളമായിരുന്നു കഴിഞ്ഞ കുറെ വർഷങ്ങളായി പ്രദേശത്തെ വീടുകളിൽ ശുദ്ധജലമായി ലഭിച്ചുകൊണ്ടിരുന്നത്. ജല അതോറിറ്റിയുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങളാണ് ഇത്രയധികം ചെളി സംഭരണിയിൽ അടിഞ്ഞു കൂടാൻ കാരണം. കൃത്യമായ ഇടവേളകളിൽ ജലസംഭരണി ശുചീകരിക്കാൻ ജല അതോറിറ്റി അധികൃതർ തയാറാകുന്നില്ല. മിക്ക ജലസംഭരണിയുടെയും അവസ്ഥ ഇതുതന്നെയാണ്. പലപ്പോഴും ഇവിടങ്ങളിൽ ജോലി ചെയ്യുന്നത് തുച്ഛമായ വേതനം ലഭിക്കുന്ന കരാർ ജീവനക്കാരാണ്.
ഇവരാകട്ടെ പമ്പ് തുറന്നു വിടുകയും അടയ്ക്കുകയും ചെയ്യുന്ന പ്രവൃത്തികൾ മാത്രമാണ് ചെയ്യുന്നത്. വെള്ളത്തിന്റെ ഗുണനിലവാരം പോലും അധികൃതർ പരിശോധിക്കാറില്ല. ഇവയൊക്കെ ചെയ്യണമെന്ന് നിയമമുണ്ടെങ്കിലും അതൊന്നും അധികൃതർ പാലിക്കാറില്ലെന്നു മാത്രം. പരാതി ഉയരുമ്പോൾ മാത്രം നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി പരിശോധനയും മറ്റും നടത്താറുണ്ടെന്നതു അല്ലാതെ സ്ഥിരം പരിശോധനകൾ അപൂർവം.
ശുദ്ധീകരിക്കുന്നതിനുവേണ്ടി ഇടുന്ന ക്ലോറിനും മറ്റും വെള്ളത്തിന്റെ അളവും മറ്റും നോക്കിയല്ല ഇടുന്നത്, എല്ലാം തോന്നിയതു പോലെയാണ്. നാട്ടുകാർക്ക് സാംക്രമിക രോഗങ്ങളും മറ്റും പിടിപെടുമ്പോഴാണ് അന്വേഷണങ്ങളും ശുചീകരണങ്ങളുമൊക്കെ നടത്തുന്നത്. പഞ്ചായത്ത് അംഗം ബിജോ പി. മാത്യുവിന്റെ നേതൃത്വത്തിലാണ് ജലസംഭരണിയിലെ ചെളി മുഴുവൻ നീക്കം ചെയ്തത്. മൂന്നുമാസം കൂടുമ്പോഴെങ്കിലും ജലസംഭരണികൾ ശുചീകരിക്കുന്നതിന് ജലഅതോറിറ്റി അധികൃതർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

