ഗാസ: ഗാസയിലെ പള്ളിയ്ക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. സംഘർഷത്തിനിടെ ഗാസയിലെ പള്ളിയിൽ അഭയം തേടിയ നിരവധി പേർ ആക്രണത്തിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഗ്രീക്ക് ഓർത്തഡോക്സ് സെന്റ് പോർഫിറിയസ് പള്ളിയിലാണ് ആക്രമണം നടന്നത്. ഗാസയിൽ ഇപ്പോഴും വിശ്വാസികളെത്തുന്ന ഏറ്റവും പഴക്കമുള്ള പള്ളികളിലൊന്നാണിത്. ഈ പള്ളി സ്ഥിതി ചെയ്യുന്നത് നഗരത്തിന്റെ ചരിത്രപരമായ പ്രദേശത്താണ്.
ആക്രമണത്തിൽ പള്ളിയുടെ ചുമരുകൾ തകർന്നിട്ടുണ്ട്. ആളപായമുണ്ടായതായ റിപ്പോർട്ട് പരിശോധിച്ച് വരുന്നുവെന്നും സംഭവത്തെ നിരീക്ഷിച്ച് വരികയാണെന്നും ഇസ്രയേൽ വൃത്തങ്ങൾ പ്രതികരിച്ചു. അതേസമയം, ആക്രമണത്തിൽ പള്ളിയുടെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചുവെന്ന് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി അടുത്തുള്ള കെട്ടിടങ്ങൾ തകർന്ന് വീഴാൻ തുടങ്ങിയെന്നും ഇവർ പറയുന്നു.

