ന്യൂഡൽഹി: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കാൻ നടക്കുന്ന പാർട്ടിയുടെ കേരളഘടകം സർക്കാരിൽ വേണമോ എന്ന് സിപിഎം തീരുമാനിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ നേതൃത്വവുമായി ജെഡിഎസിന്റെ കേരള ഘടകത്തിന് ഭിന്നത ഉണ്ടെങ്കിൽ അത് വാക്കാൻ പറഞ്ഞാൽ പോരെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം അറിയിച്ചു.
സിപിഎം വിഷയത്തെ ലാഘവത്തോടെയാണ് എടുത്തിരിക്കുന്നത്. എംവി ഗോവിന്ദന്റെ ന്യായീകരണം കണ്ട് ചിരിച്ച് പോയി. കുമാരസ്വാമി പറഞ്ഞ മുഖ്യമന്ത്രിയുടെ മഹാമനസ്‌കത എന്താണെന്ന് കെസി വേണുഗോപാൽ ചോദിച്ചു. വ്യത്യസ്ത നിലപാടുള്ള ഇബ്രാഹിമിനെ പുറത്താക്കിയിട്ടും കേരള ഘടകത്തെ കുമാരസ്വാമി പുറത്താക്കിയിട്ടില്ല. സിപിഎമ്മിന് ഭയമാണെന്നും സിപിഎമ്മിന് എന്തുപറ്റിയെന്ന് അറിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് പറയണം. സിപിഎം പറയുന്ന ബിജെപി – മോദി വിരുദ്ധത ഈ വിഷയത്തിൽ കാണുന്നില്ല. ആരെയോ ഭയപ്പെടുന്ന അഴകൊഴമ്പൻ നിലപാട് സിപിഎം എടുക്കരുതെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

