അസ്താന: തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി പൊതുഇടങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്നത് കസാഖിസ്ഥാന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. കസഖ്സ്ഥാൻ കൾച്ചർ ആൻഡ് ഇൻഫർമേഷൻ മന്ത്രി ഐദ ബാലയേവ, വെള്ളിയാഴ്ച അസ്താനയിൽ നടന്ന വാർത്താസമ്മേളനത്തിനിടെയാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്.
ശിരോവസ്ത്രങ്ങളും മറ്റു മതപരമായ വസ്ത്രങ്ങളും ധരിക്കുന്നത് നിരോധിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. അത്തരം നിയന്ത്രണങ്ങൾ പരിശോധിക്കുമെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതിനാലാണ് ഇത്തരം നിയമങ്ങൾ ലോകമെമ്പാടും നടപ്പിലാക്കുന്നതെന്നും മന്ത്രി അറിയിച്ചു.
മുഖം മറച്ചിരിക്കുമ്പോൾ പൊതു ഇടങ്ങളിൽ വ്യക്തികളെ തിരിച്ചറിയുന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുന്നതിൽ മന്ത്രാലയം സജീവമായി ഇടപെടും. സർക്കാരിതര സംഘടനകളുടെയും (എൻജിഒകൾ) മതപണ്ഡിതർ ഉൾപ്പെടെയുള്ള വിദഗ്ധരുടെയും സഹകരണം തേടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

