10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ രണ്ടുതവണ നടത്തും; നടപടി വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ

ന്യൂഡൽഹി: 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ രണ്ടുതവണ നടത്തും. വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനാണ് നടപടി. രണ്ടുതവണയോ, ഒറ്റത്തവണയോ പരീക്ഷ എഴുതാം. മുഴുവൻ പാഠഭാഗവും ഉൾപ്പെടുത്തി അദ്ധ്യയന വർഷത്തിന്റെ അവസാന ഘട്ടത്തിലാവും പരീക്ഷകൾ നടത്തുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ഇക്കാര്യം അറിയിച്ചത്.

ഓൺ ഡിമാൻഡ് പ്രകാരം ബോർഡുകൾക്ക് തീരുമാനിക്കാം. മികച്ച സ്‌കോർ തിരഞ്ഞെടുക്കാമെന്നും 2024 മുതൽ ഇത് നടപ്പാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എൻജിനിയറിംഗ് പ്രവേശനപരീക്ഷയും രണ്ടുവട്ടം നടത്തുന്നുണ്ട്. പുതിയ കരിക്കുലം ചട്ടക്കൂട് പുറത്തുവിട്ടശേഷം വിദ്യാർത്ഥികളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി.

അതേസമയം, മെഡിക്കൽ, എൻജിനീയറിംഗ്. പ്രവേശന പരീക്ഷയ്ക്കായി കോച്ചിംഗ് സെന്ററുകളിൽ തയ്യാറെടുക്കുന്നവർ പരീക്ഷയെഴുതാൻ മാത്രം സ്‌കൂളിൽ പോകുന്ന ഡമ്മി സ്‌കൂൾ സമ്പ്രദായവും പരിഗണിക്കുന്നു. പല കോച്ചിംഗ് സെന്ററുകളും ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ട്.